പുണെ: ലോകകപ്പിൽ ഇന്ത്യയുടെ മത്സരം കാണാനും ആളില്ല! പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ (എം.സി.എ) സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും ഒഴിഞ്ഞ ഗാലറികൾ. പകുതിയോളം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
ഉദ്ഘാടന മത്സരത്തിലടക്കം ലോകകപ്പിലെ തകർപ്പൻ പോരാട്ടങ്ങളെല്ലം ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് നടന്നത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മാത്രമാണ് ഗലറിയിലേക്ക് കാണികൾ ഒഴുകിയെത്തിയത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ-ആസ്ട്രേലിയ മത്സരം ഞായറാഴ്ച നടന്നിട്ടുപോലും പ്രതീക്ഷിച്ച കാണികള്‍ എത്തിയില്ല.
ലോകത്ത് ക്രിക്കറ്റിന് ഏറ്റവും ആരാധകരുള്ള ഇന്ത്യയിൽ, സ്വന്തം ടീമിന്‍റെ ലോകകപ്പ് മത്സരം നേരിട്ടു കാണാൻ പോലും ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നില്ലെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. 27 വർഷത്തിനുശേഷമാണ് പുണെയിൽ ഒരു ലോകകപ്പ് മത്സരം നടക്കുന്നത്. അതിന്‍റെ ആവേശമൊന്നും ഗാലറിയിൽ കാണാനില്ല. ഇതുവരെ രണ്ടു ലോകകപ്പ് മത്സരങ്ങൾക്കു മാത്രമാണ് പുണെ വേദിയായത്. 1987ലെ ഇംഗ്ലണ്ട്-കെനിയ മത്സരവും 1996ലെ വെസ്റ്റിൻഡീസ്-കെനിയ മത്സരവും.
ഏകദിനങ്ങള്‍ ആളുകള്‍ക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് പലരും വിധിയെഴുതുന്നുണ്ട്. അതല്ല, സംഘാടനത്തിലെ പോരായ്മകളാണ് ഗാലറിയിലേക്ക് ആളുകൾ എത്താത്തതിനു പിന്നിലെന്ന് ഒരുവിഭാഗം വിമർശിക്കുന്നു. ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് മികച്ച നിലയിലാണ്. നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 17.3 ഓവറിൽ ഒരു വിക്കറ്റിന് 101 റൺസെടുത്തിട്ടുണ്ട്.
ബംഗ്ലാദേശിനായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ തൻസീദ് ഹസനും ലിറ്റൺ ദാസും 14.3 ഓവറിൽ 93 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നാലെ 43 പന്തിൽ 53 റൺസെടുത്ത തൻസീദിനെ കുൽദീപ് യാദവ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പരിക്കേറ്റ ബംഗ്ലാദേശ് നായകൻ ഷാക്കിബുൽ ഹസൻ കളിക്കുന്നില്ല. പകരം നസും അഹമ്മദ് ടീമിലുണ്ട്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.