ബംഗളൂരൂ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെ ആറു വിക്കറ്റിന് കീഴടക്കി സെൻട്രൽ സോൺ ജേതാക്കളായി. സ്കോർ: സൗത്ത് സോൺ: ഒന്നാം ഇന്നിങ്സ്- 149, രണ്ടാം ഇന്നിങ്സ്- 426. സെൻട്രൽ സോൺ: 511& 66/4.
രജത് പാട്ടിദാർ നയിച്ച സെൻട്രൽ സോൺ 11 വർഷത്തിന് ശേഷമാണ് കിരീടത്തിൽ മുത്തമിടുന്നത്. ആർ.സി.ബിക്ക് കന്നി ഐ.പി.എൽ കിരീടം നേടികൊടുത്ത നായകൻ പട്ടിദാറിന് ഒരു വർഷത്തിനിടെ രണ്ടാമത്തെ കിരീടമാണ്.
ആദ്യ ഇന്നിങ്സിൽ 149 റൺസിന് പുറത്തായ സൗത്ത് സോണിനെതിരെ 511 റൺസാണ് സെൻട്രൽ സോൺ ഒന്നാം ഇന്നിങ്സ് മറുപടിയായി അടിച്ച് കൂട്ടിയത്. 194 റൺസെടുത്ത യാഷ് റാത്തോഡിന്റെയും 101 റൺസെടുത്ത നായകൻ രജത് പാട്ടിദാറിന്റെയും മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.
രണ്ടാം ഇന്നിങ്സിൽ സൗത്ത് സോൺ 426 റൺസ് ഉയർത്തിയെങ്കിലും പൊരുതാനാവുന്ന ലീഡിലേക്ക് എത്താനായില്ല. 65 റൺസ് വിജയലക്ഷ്യം തേടി രണ്ടാം ഇന്നിങ്സിനിറങ്ങിയ സെൻട്രൽ സോൺ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 2014ൽ പിയൂഷ് ചൗളയുടെ നേതൃത്വത്തിൽ കിരീടം നേടിയ ശേഷം സെൻട്രൽ സോണിന്റെ ആദ്യ ദുലീപ് ട്രോഫി കിരീടമാണ്. യാഷ് റാത്തോഡ് പ്ലയർ ഓഫ് ദ മാച്ചായും 16 വിക്കറ്റും 136 റൺസും നേടിയ സരൺ ജെയിൻ പ്ലെയർ ഓഫ് ദി സിരീസുമായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.