ദിഗ്‍വേഷിന്‍റെ ‘നോട്ട്ബുക്ക്’ ആഘോഷത്തിന് പണി കിട്ടി! സസ്പെൻഷനും പിഴയും, അഭിഷേകിനെതിരെയും നടപടി

ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ പതിവ് ‘നോട്ട്ബുക്ക്’ ആഘോഷം പുറത്തെടുത്ത സ്പിന്നർ ദിഗ്‍വേഷ് രാതിക്ക് എട്ടിന്‍റെ പണി.

ഐ.പി.എൽ അച്ചടക്ക ലംഘനത്തിന് ഒരു മത്സരത്തിൽ വിലക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തി. നേരത്തെയും സമാനരീതിയിൽ അച്ചടക്ക ലംഘനം നടത്തിയതിനാണ് യുവ താരത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. മൊത്തം അഞ്ച് ഡീമെറിറ്റ് പോയന്‍റ് ലഭിച്ചതോടെയാണ് സസ്പെൻഷൻ. അഹ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം താരത്തിന് നഷ്ടമാകും. ഹൈദരാബാദ് താരം അഭിഷേകിന് മാച്ച് ഫീയുടെ 25 ശതമാനവും പിഴ ചുമത്തി. 23കാരന് ഒരു ഡീമെറ്റിറ്റ് പോയന്‍റും നൽകി.

വമ്പനടികളുമായി ബൗളർമാരെ വിറപ്പിച്ച ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കിയശേഷമായിരുന്നു ദിഗ്‍വേഷ് വിവാദ ആഘോഷം പുറത്തെടുത്തത്. വിക്കറ്റ് എടുത്തതിന് ശേഷം കൈയിൽ എഴുതുന്നതായി കാണിക്കുന്ന താരത്തിന്‍റെ സെലിബ്രേഷൻ നേരത്തെ തന്നെ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. 20 പന്തിൽ നിന്നു 59 റൺസുമായി തകർത്തടിച്ചിരുന്ന അഭിഷേകിനെ ഷാർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിച്ചതിനു പിന്നാലെയായിരുന്നു ദിഗ്‍വേഷിന്‍റെ ആഘോഷം.

എന്നാൽ, അഭിഷേകിന് അത്ര പിടിച്ചില്ല. പ്രകോപിതനായ താരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് ദിഗ്‍വേഷിനുനേരെ പാഞ്ഞടുത്തു. ദിഗ്‍വേഷും ക്ഷുഭിതനായി താരത്തിന്‍റെ അടുത്തേക്ക് വരുന്നുണ്ട്. ഒടുവിൽ അമ്പയർമാരും സഹതാരങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരശേഷം താരങ്ങൾ കൈകൊടുത്ത് പിരിയുമ്പോഴും ഇരുവരും നേരിൽകണ്ടത് വീണ്ടും നാടകീയ രംഗങ്ങൾക്കിടയാക്കി.

ലഖ്നോ സഹപരിശീലകൻ വിജയ് ദാഹിയ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. പിന്നാലെ ഇരുവരോടും ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല സംസാരിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. മത്സരശേഷം അഭിഷേകുമായി സംസാരിച്ചതായും പ്രശ്നങ്ങളൊന്നുമില്ലെന്നും ദിഗ്‍വേഷ് പ്രതികരിച്ചു. നിർണായക മത്സരം തോറ്റതോടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

Tags:    
News Summary - Digvesh Rathi Fined & Suspended For Gujarat Titans Match After Verbal Spat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.