ഗുജറാത്തിനെ നയിച്ച് ജോസ് ബട്‍ലർ (97*); ക്യാപിറ്റൽസിനെതിരെ ടൈറ്റൻസിന് ഏഴ് വിക്കറ്റ് വിജയം

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് വിജയം. 97 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്‍ലറാണ് ടൈറ്റൻസിന്‍റെ വിജയശിൽപി. 43 റൺസ് നേടിയ ഷെർഫാൻ റുഥർഫോഡും മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കേ ടൈറ്റൻസ് മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് - 20 ഓവറിൽ എട്ടിന് 203, ഗുജറാത്ത് ടൈറ്റൻസ് - 19.2 ഓവറിൽ മൂന്നിന് 204.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ഓവറിൽ നായകൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ അഞ്ച് റൺസെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു. സായ് സുദർശനൊപ്പം ബട്‍ലറും ചേർന്ന് സ്കോറുയർത്തി. പവർപ്ലേയിൽ ടൈറ്റൻസ് 67 റൺസാണടിച്ചത്. സ്കോർ 74ൽ നിൽക്കേ സായ് സുദർശനെ കുൽദീപ് യാദവ് സ്റ്റബ്സിന്‍റെ കൈകളിലെത്തിച്ചു. 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 36 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.

പിന്നീടൊന്നിച്ച ജോസ് ബട്‍ലറും ഷെർഫാൻ റുഥർഫോഡും ചേർന്ന് ജി.ടിയുടെ സ്കോർ ഉയർത്തി. 19-ാം ഓവറിൽ റുഥർഫോർഡ് (34 പന്തിൽ 43) മടങ്ങിയെങ്കിലും ഇതിനോടകം ടൈറ്റൻസ് ജയം ഉറപ്പിച്ചിരുന്നു. മൂന്നാം വിക്കറ്റിൽ ബട്‍ലറും റുഥർഫോഡും ചേർന്ന് 119 റൺസിന്‍റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

ഡൽഹി ക്യാപിറ്റൽസ് 203

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനായി മുൻനിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ഗുജറാത്തിനെതിരെ മികച്ച സ്കോറിലെത്തിയത്. 39 റൺസ് നേടിയ അക്സർ പട്ടേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് സന്ദർശകർ നേടിയത്. തുടക്കം മുതൽ വമ്പനടികളുമായി കളം നിറഞ്ഞ ക്യാപിറ്റൽസിന് രണ്ടാം ഓവറിൽ അഭിഷേക് പൊരലിന്‍റെ (9 പന്തിൽ 18) വിക്കറ്റ് നഷ്ടമായി. മൂന്നോവർ കൂടി പിന്നിടുന്നതിനിടെ കെ.എൽ രാഹുലും പുറത്തായി. 14 പന്തിൽ 28 റൺസാണ് രാഹുലിന്‍റെ സമ്പാദ്യം. പവർപ്ലേയിൽ 73 റൺസാണ് ക്യാപിറ്റൽസ് അടിച്ചെടുത്തത്.

ഒമ്പതാം ഓവറിൽ കരുൺ നായരും (18 പന്തിൽ 31) വീണെങ്കിലും ഇതേ ഓവറിൽ ടീം സ്കോർ 100 കടന്നു. നായകൻ അക്സർ പട്ടേലും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് തകർത്തടിച്ചതോടെ റൺറേറ്റ് വീണ്ടുമുയർന്നു. ഇടക്ക് അക്സറിന്‍റെ ക്യാച്ച് രണ്ടുതവണ റാഷിദ് ഖാൻ വിട്ടുകളഞ്ഞതോടെ, നാലാം വിക്കറ്റിൽ 33 പന്തിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നു. സ്കോർ 146ൽ നിൽക്കെ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി സ്റ്റബ്സ് (21 പന്തിൽ 31) കൂടാരം കയറി.

18-ാം ഓവർ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണ, ആദ്യ രണ്ടു പന്തുകളിൽ അക്സർ പട്ടേലിനെയും (32 പന്തിൽ 39) വിപ്രജ് നിഗത്തെയും (0) വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറുടെ കൈകളിലെത്തിച്ച് ക്യാപിറ്റൽസിനെ ഞെട്ടിച്ചു. ഇംപാക്ട് പ്ലെയറായെത്തിയ ദൊനോവൻ ഫെറേര ഒറ്റ റണ്ണുമായി പുറത്തായി. ഇതോടെ ടീം പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമ സ്കോർ 199ൽ എത്തിച്ച് പുറത്തായി. 19 പന്തിൽ 37 റൺസടിച്ച താരം അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒറ്റ പന്തിനായി ക്രീസിലെത്തിയ കുൽദീപ് യാദവ് ഫോറടിച്ച് സ്കോർ 200 കടത്തി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Delhi Capitals vs Gujarat Titans IPL 2025 Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.