ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി; ലുംഗി എൻഗിഡിയും ഐ.പി.എല്ലിനില്ല

മുംബൈ: ഐ.പി.എൽ പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക് പിന്മാറിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു തിരിച്ചടി. പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡിയും ടൂർണമെന്റിൽനിന്ന് പിന്മാറി. 14 ഐ.പി.എൽ മത്സരങ്ങളിൽ 25 വിക്കറ്റ് വീഴ്ത്തിയ താരമാണ് എൻഗിഡി. ആസ്ട്രേലിയൻ ബാറ്റർ ജേക് ഫ്രേസർ മക്ഗർകിനെ പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്. മധ്യനിര ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്. മുത്തശ്ശിയുടെ മരണമാണ് താരത്തിന്റെ വിട്ടുനിൽക്കലിനിടയാക്കിയത്.

പരിക്കും വ്യക്തിപരമായ കാരണങ്ങളും മൂലം നിരവധി താരങ്ങൾക്കാണ് ടൂർണമെന്റ് നഷ്ടമാകുന്നത്. മികച്ച താരങ്ങളുടെ അഭാവം ടീമുകളുടെ പ്രതീക്ഷകളെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ബൗളറായ മുഹമ്മദ് ഷമിയാണ് ഐ.പി.എൽ നഷ്ടമാകുന്ന ഇന്ത്യൻ താരങ്ങളിൽ പ്രധാനി. കഴിഞ്ഞ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷമിക്ക് തിരിച്ചടിയായത് ലോകകപ്പി​നിടെയുണ്ടായ പരിക്കാണ്. അടുത്തിടെ ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ ഷമി വിശ്രമത്തിലാണ്.

പരിക്ക് കാരണം ന്യൂസിലാൻഡിൽനിന്നുള്ള ചെന്നൈ സൂപ്പർ കിങ്സ് താരം ഡെവോൺ കോൺവേയും ഐ.പി.എല്ലിൽനിന്ന് പിന്മാറിയിരുന്നു. പെരുവിരലിനേറ്റ പരിക്ക് കാരണം താരം അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. എട്ടാഴ്ചത്തെ വിശ്രമമാണ് കോൺവേക്ക് നി​ർദേശിച്ചിട്ടുള്ളത്.

ഇംഗ്ലീഷ് ​ഓപണർ ജേസൻ റോയിയുടെ സേവനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായത്. വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം. എന്നാൽ, പകരക്കാരനായി ഇംഗ്ലണ്ടിലെ സഹതാരവും നിലവിൽ ട്വന്റി 20യിലെ രണ്ടാം റാങ്കുകാരനുമായ ഫിൽ സാൾട്ട് കൊൽക്കത്തക്കായി കളിക്കാനെത്തും. ഇംഗ്ലീഷ് പേസർ ഗസ് അറ്റ്കിൻസണെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ സീസണിൽ നഷ്ടമായി. മത്സരങ്ങളുടെ ആധിക്യം കാരണം ലോകകപ്പിന് മുന്നോടിയായി വിശ്രമം വേണമെന്ന ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥന പ്രകാരമാണ് താരം വിട്ടുനിൽക്കുന്നത്. അറ്റ്കിൻസന്റെ ആദ്യ ഐ.പി.എല്ലായിരുന്നു ഇത്. ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെ പകരക്കാരനായി തെരഞ്ഞെടുത്തിട്ടുണ്ട്.

രഞ്ജി ട്രോഫി​ക്കിടെയുണ്ടായ പരിക്ക് കാരണം രാജസ്ഥാൻ റോയൽസിന്റെ കർണാടകക്കാരനായ പേസർ പ്രസിദ്ധ് കൃഷ്ണയും ഐ.പി.എല്ലിൽനിന്ന് പിന്മാറിയിരുന്നു. 

Tags:    
News Summary - Delhi Capitals hit again; Lungi Ngidi is also out for IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.