പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; 15 റൺസിന് തോൽപ്പിച്ച് ഡൽഹി

പഞ്ചാബ് കിങ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയുമായി ഡൽഹി കാപിറ്റൽസ്. ഐ.പി.എല്ലിലെ 64-ാം മത്സരത്തിൽ 15 റൺസിനാണ് വാർണറും സംഘവും പഞ്ചാബിനെ വീഴ്ത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണെടുത്തത്. എന്നാൽ, പഞ്ചാബിന്റെ മറുപടി ബാറ്റിങ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസിന് അവസാനിച്ചു.

48 പന്തുകളിൽ 94 റൺസുമായി ലിയാം ലിവിങ്സ്റ്റൺ പഞ്ചാബിന് വേണ്ടി നടത്തിയ വെടിക്കെട്ട് പാഴായി. ഒമ്പത് സിക്സുകളും അഞ്ച് ഫോറുകളുമാണ് താരമടിച്ചുകൂട്ടിയത്. അഥർവ ടെയ്ഡെ 42 പന്തുകളിൽ 55 റൺസെടുത്തു. 22 റൺസെടുത്ത ഓപണർ പ്രഭ്സിമ്രാൻ സിങ്ങും 11 റൺസെടുത്ത സാം കറനും മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്. നായകൻ ശിഖർ ധവാൻ സംപൂജ്യനായി മടങ്ങി. ഡൽഹിക്കായി ഇശാന്ത് ശർമയും അന്റിച്ച് നോട്ജെയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

37 പന്തുകളിൽ ആറ് വീതം സിക്സും ഫോറുമടക്കം പുറത്താകാതെ 82 റൺസടിച്ച റിലീ റൂസോ ആയിരുന്നു ഡൽഹിയുടെ ടോപ് സ്കോറർ. 38 പന്തുകളിൽ 54 റൺസെടുത്ത പൃഥ്വി ഷാ ഏഴ് ഫോറും ഒരു സിക്സും പറത്തി. വാർണർ 31 പന്തുകളിൽ 46 റൺസെടുത്തു. 14 പന്തുകളിൽ 26 റൺസുമായി ഫിലിപ് സാൾട്ട് പുറത്താകാതെ നിന്നു.

Tags:    
News Summary - Delhi Capitals beats Punjab Kings by 15 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.