ഡേവിഡ് വാര്‍ണറുടെ ‘ബാഗി ഗ്രീന്‍’ തൊപ്പി തിരിച്ചുകിട്ടി; കണ്ടെത്താന്‍ പരിശ്രമിച്ചവർക്ക് നന്ദി പറഞ്ഞ് താരം

സിഡ്‌നി: ആസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറുടെ നഷ്ടമായ ‘ബാഗി ഗ്രീന്‍’ തൊപ്പി നാല് ദിവസത്തിന് ശേഷം തിരികെ ലഭിച്ചു. പാകിസ്താനെതിരായ ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് വാര്‍ണര്‍ തൊപ്പി തിരികെ ലഭിച്ച കാര്യം ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ അറിയിച്ചത്. ബാഗി ഗ്രീൻ ക്യാപ് തിരികെ കിട്ടിയതിൽ സന്തോഷവും ആശ്വാസവും ഉണ്ടെന്നും കണ്ടെത്താന്‍ പരിശ്രമിച്ചവരോട് നന്ദിയുണ്ടെന്നും വാർണർ പറഞ്ഞു. എന്നാൽ, എങ്ങനെയാണ് തിരികെ ലഭിച്ചതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

പാകിസ്താനെതിരെ സിഡ്നിയിൽ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങും മുമ്പാണ് താൻ ഏറെ വിലമതിക്കുന്ന ബാഗി ഗ്രീന്‍ മോഷ്ടിക്കപ്പെട്ടെന്ന വേദനിപ്പിക്കുന്ന വാർത്ത വാര്‍ണർ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. മൂന്നാം ടെസ്റ്റിനായി മെൽബൺ എയർപോർട്ടിൽനിന്ന് സിഡ്‌നിയിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ് നഷ്ടപ്പെട്ടതെന്നും തന്റെ ബാഗിനുള്ളിലാണ് വെച്ചിരുന്നതെന്നും വാർണർ പറഞ്ഞിരുന്നു.

‘ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പിയുണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്ന എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ആസ്‌ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം നൽകും. തിരികെ നൽകിയാൽ തന്റെ കൈയി​ലുള്ള സ്​പെയർ തൊപ്പി നൽകാം’ -വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

വിഷയത്തിൽ ഇടപെട്ട ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും വാർണറുടെ തൊപ്പി തിരികെ നൽകണമെന്ന് പരസ്യമായി അഭ്യർഥിച്ചു. ‘കാണാതായ തൊപ്പിയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമോ?, ഡേവിഡ് വാർണർ 100ലധികം തവണ ആസ്‌ട്രേലിയയെ പ്രതിനിധീകരിച്ചാണ് അത് സമ്പാദിച്ചത്, അവ തിരികെ നൽകണം’ -അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകന്റെ ബാഗി ഗ്രീൻ ആരോ മനഃപൂർവം എടുത്തിട്ടുണ്ടാകുമെന്ന് താൻ ഭയപ്പെടുന്നുവെന്നും അത് അവന് തിരികെ നൽകണമെന്നും പിതാവ് ഹൊവാർഡും അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - David Warner's Baggy Green found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.