വെസ്റ്റിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.
ഇതിന്‍റെ നിരാശ ആരാധകരിൽ പ്രകടമായിരുന്നു. സമൂഹമാധ്യമങ്ങളിലാണ് അവർ ഇതിന്‍റെ രോഷം പ്രകടമാക്കിയത്. പലരും ടീം സെലക്ഷനെയും മാനേജ്മെന്‍റിനെയും വിമർശിച്ചും പരിഹസിച്ചും രംഗത്തുവന്നു. സഞ്ജുവിനെ പുറത്തിരുത്തിയ തീരുമാനത്തെ പരഹസിച്ചവരിൽ മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥും ഉൾപ്പെടും. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് കളിപ്പിച്ചത്.
11 ഏകദിനങ്ങളിൽനിന്ന് 66 റൺസ് ശരാശരിയുള്ള സഞ്ജുവിനെ മാറ്റി നിർത്തിയതാണ് ബദ്രിനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസണെ കളിപ്പിക്കാൻ ആകെയുള്ള വഴിയെന്നത് താരത്തിന്റെ ജഴ്സി മറ്റൊരാൾക്കു നൽകുകയെന്നതാണെന്നു അദ്ദേഹം ട്വിറ്ററിൽ പരിഹസിച്ചു. സഞ്ജുവിന്റെ ജഴ്സി ധരിച്ച് സൂര്യകുമാർ യാദവ് ബാറ്റു ചെയ്യുന്ന ചിത്രവും ഇതോടൊപ്പം ബദ്രിനാഥ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടീം മാനേജ്മെന്‍റിനെ പരിഹസിക്കുന്നതാണ് ബദ്രിനാഥിന്റെ ട്വീറ്റ്. ആദ്യ ഏകദിനത്തിൽ സഞ്ജുവിന്‍റെ പേരുള്ള ഒമ്പതാം നമ്പർ ജഴ്സി ധരിച്ചാണ് സൂര്യകുമാർ യാദവ് കളിക്കാനിറങ്ങിയത്. താരത്തിന് ലഭിച്ച ജഴ്സിയുടെ അളവ് തെറ്റിയതിനെ തുടർന്നാണ് സഞ്ജുവിന്‍റെ ജഴ്സി സൂര്യകുമാർ കടംവാങ്ങിയത്. സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സഞ്ജുവിന്‍റെ തഴഞ്ഞതെന്നും വിമർശനമുണ്ട്.
ഒന്നാം ഏകദിനത്തിൽ 25 പന്തുകൾ നേരിട്ട സൂര്യ 19 റൺസെടുത്തു പുറത്തായി. അതേസമയം, ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി. 46 പന്തുകളിൽനിന്ന് 52 റണ്‍സെടുത്താണ് താരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.