സഞ്ജു എത്തി, പിന്നാലെ പുതിയ സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്...

ചെന്നൈ: ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ ടീമിനെ ആര് നയിക്കുമെന്നതിൽ വ്യക്തത വരുത്തി ചെന്നൈ സൂപ്പർ കിങ്സ്. യുവതാരം ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടീമിന്‍റെ ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിൽനിന്ന് ട്രേഡ് ഡീൽ വഴി ടീമിൽ എത്തിയ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ സീസണിൽ ടീമിനെ ഗെയ്ക്വാദ് നയിക്കുമെന്ന് ചെന്നൈ പ്രഖ്യാപിച്ചത്. 2024ലാണ് താരം ആദ്യം ചെന്നൈയുടെ നായകനാകുന്നത്. കഴിഞ്ഞ സീസണില്‍ താരം പരിക്കേറ്റ് പുറത്തായതോടെ വെറ്ററൻ താരം എം.എസ്. ധോണി വീണ്ടും നായക കുപ്പായം അണിഞ്ഞു. 2021 മുതൽ രാജസ്ഥാന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുള്ള സഞ്ജു, ചെന്നൈയിലെത്തുന്നതോടെ ടീമിന്‍റെയും ക്യാപ്റ്റനാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ധോണിക്കുശേഷം ടീമിന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച താരം സഞ്ജുവാണെന്ന് മുൻ സ്പി്ൻ ഇതിഹാസം അനിൽ കുംബ്ലെയും പ്രതികരിച്ചിരുന്നു.

2019 മുതൽ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈക്കൊപ്പമുണ്ട്. താര ലേലത്തിൽ 20 ലക്ഷം രൂപക്കാണ് അന്ന് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്. 2022 സീസണു മുന്നോടിയായി ആറു കോടി രൂപക്ക് ടീമിൽ നിലനിർത്തി. 71 മത്സരങ്ങളിൽ 2502 റൺസാണ് താരം ഇതുവരെ ചെന്നൈക്കായി നേടിയത്. 137.47 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടു സെഞ്ച്വറികളും 20 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. രാജസ്ഥാനായി 149 മത്സരങ്ങളിൽനിന്ന് 4027 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും 23 അർധ സെഞ്ച്വറികളും സ്വന്തമാക്കി.

മാസങ്ങളായി തുടർന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് സഞ്ജു ചെന്നൈയിലെത്തുന്നത്. ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൈമാറിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കിയത്. നിലവിലെ വാർഷിക പ്രതിഫല തുകയായ 18 കോടി രൂപയിൽ തന്നെയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്. അതേസമയം, ജദേജയുടെ വാർഷിക പ്രതിഫലം 18 കോടിയിൽ നിന്നും 14 കോടിയായി കുറഞ്ഞു. ഇംഗ്ലണ്ടുകാരനായ ഓൾറൗണ്ടർ സാംകറന് 2.40കോടിയെന്ന പ്രതിഫലം മാറ്റമില്ലാതെ തന്നെ നൽകും. നാല് കോടിയാണ് ജദേജക്ക് രജസ്ഥാൻ സാലറി കട്ട് വരുത്തിയത്.

2013ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു സാംസൺ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം രാജസ്ഥാനിൽ. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ പ്രധാന താരമായി നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - CSK announce captain after trading in Sanju Samson from RR; Ruturaj Gaikwad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.