മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിതവിരമിക്കൽ പ്രഖാപിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നേട്ടങ്ങളെ ഒാർത്തും ആശംസ നേർന്നും താരങ്ങൾ. 2013ൽ രോഹിതിന് ടെസ്റ്റ് ക്യാപ് കൈമാറിയ സമയം ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽകർ അനുസ്മരിച്ചു. സചിൻ തന്റെ കരിയറിനോട് വിട പറഞ്ഞ പരമ്പരയിലായിരുന്നു രോഹിത് ആദ്യമായി ടെസ്റ്റ് കളിച്ചത്. ‘2013-ൽ ഈഡൻ ഗാർഡൻസിൽ വെച്ച് നിങ്ങൾക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചതും പിന്നീട് വാങ്കഡെ സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ നിങ്ങളോടൊപ്പം നിന്നതും ഞാൻ ഓർക്കുന്നു. നിങ്ങളുടെ യാത്ര അതിശയകരമായിരുന്നു‘- സചിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഗംഭീര അരങ്ങേറ്റമായിരുന്നു അന്ന് രോഹിതിന്റേത്. കന്നി മത്സരത്തിൽതന്നെ 177 റൺസ് നേടി. തുടർന്ന് മുംബൈയിൽ നടന്ന സചിന്റെ അവസാന ടെസ്റ്റിൽ പുറത്താകാതെ 111 റൺസും സ്വന്തമാക്കി.
ഒരു കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ഇന്ത്യൻ ക്രിക്കറ്റിന്പരമാവധി സംഭാവന നൽകിയെന്ന് സചിൻ പറഞ്ഞു. ‘ രോഹിത്, ടെസ്റ്റ് കരിയർ നന്നായി ചെയ്തു. എല്ലാവിധ ആശംസകളും’- സചിൻ കൂട്ടിച്ചേർത്തു. രോഹിതിന്റെ സാന്നിധ്യവും സ്വാധീനവും ഡ്രസിങ് റൂമിൽ എന്നെന്നും പ്രതിധ്വനിക്കുമെന്ന് ഋഷഭ് പന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എപ്പോഴും എന്റെ ആദ്യനായകൻ’ എന്നായിരുന്നു
രോഹിതിന് കീഴിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറൽ അഭിപ്രായപ്പെട്ടത്. രോഹിതിനൊപ്പം ബാറ്റിങ് പങ്കാളിയാകുന്നത് അനുഗ്രഹമായിരുന്നെന്നും എല്ലാറ്റിനും നന്ദിയെന്നും മറ്റൊരു യുവതാരമായ യശ്വസി ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ വർഷം ട്വന്റി20യിൽനിന്ന് വിരമിച്ച മുപ്പത്തെട്ടുകാരനായ രോഹിത് 12 സെഞ്ച്വറികളും 18 അർധസെഞ്ച്വറികളുമായി 40.57 ശരാശരിയിൽ ടെസ്റ്റിൽ 4,301 റൺസ് നേടി. 40.58 ശരാശരിയുണ്ട്. 212 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഇന്ത്യ അവസാനം കളിച്ച ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ടീമിനെ നയിച്ചത് രോഹിതായിരുന്നു. എന്നാല്‍, സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍നിന്ന് സ്വയം മാറിനിന്നിരുന്നു. ഏകദിനത്തിൽ രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്ന് രോഹിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ ക്യാപ്റ്റൻ ആരാകും എന്നതും കാത്തിരിക്കുന്ന ചോദ്യമാണ്. ജസ്പ്രീത് ബുംറയാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്. എന്നാൽ, ബുംറ പരിക്കിന്റെ പിടിയിലാണ്. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരെ വളർത്തികൊണ്ടുവരാനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്. ഇരുവരുടെയും സ്ഥിരതയില്ലായ്മയാണ് പ്രശ്നം. താൽക്കാലികമായി ടെസ്റ്റ് ക്യാപ്റ്റൻ പദവി ഏതെങ്കിലും താരത്തെ ഏൽപ്പിക്കാനും നീക്കമുണ്ട്.
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത് രോഹിത് ശർമയുടെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും ബി.സി.സി.ഐ സമ്മർദം ചെലുത്തിയിട്ടില്ലെന്നും വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. വിരമിക്കാൻ കളിക്കാർക്ക് മേൽ ഒരു സമ്മർദവും ചെലുത്താറില്ല. ബി.സി.സി.ഐ ഒന്നും നിർദേശിക്കാറുമില്ലെന്ന് രാജീവ് ശുക്ല പറഞ്ഞു. ടെസ്റ്റിൽ രോഹിതിന്റെ സംഭാവന വളരെ വലുതാണെന്ന് ശുക്ല പറഞ്ഞു. മികച്ച ബാറ്റ്സ്മാനായ രോഹിത് ഏകദിനങ്ങളിൽ തുടരുന്നതിനാൽ അദ്ദേഹത്തിന്റെ അനുഭവപരിചയവും കഴിവും ബി.സി.സി.ഐ തീർച്ചയായും പ്രയോജനപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
പകരം ആര് ക്യാപ്റ്റനാകുമെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും. ക്യാപ്റ്റൻ ആരാണെന്ന് സെലക്ടർമാർ തീരുമാനിക്കുകയും അത് പിന്നീട് പ്രഖ്യാപിക്കുകയുംചെയ്യുമെന്ന് രാജീവ് ശുക്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.