കറാച്ചി: കുട്ടിക്രിക്കറ്റിന്റെ പുതുഭേദങ്ങൾ ലോകം ആവേശിച്ച വരുംനാളുകളിലും 50 ഓവർ പോരാട്ടങ്ങളാണ് കളിയുടെ സൗന്ദര്യമെന്ന വിളംബരമായി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ പ്രൗഢ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ കരുത്തരായ ന്യൂസിലൻഡിനെ നേരിടും. 1996ലെ ലോകകപ്പിനുശേഷം ആദ്യമായി ഐ.സി.സി ടൂർണമെന്റിന് ആതിഥ്യമരുളുന്ന പാക് ക്രിക്കറ്റിനിത് വീണ്ടെടുപ്പിന്റെയും ആഘോഷത്തിന്റെയും നാളുകൾ.
ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ എട്ടു സംഘങ്ങൾ മുഖാമുഖം വരുന്ന, മൂന്നാഴ്ച നീളുന്ന പോരാട്ടങ്ങൾ മൂന്ന് പാക് വേദികളിലും ദുബൈയിലുമായാണ് നടക്കുക. ഇന്ത്യക്ക് അങ്കം ദുബൈയിലാണെങ്കിൽ മറ്റു ടീമുകൾ ലാഹോർ, കറാച്ചി, റാവൽപിണ്ടി വേദികളിൽ മാറ്റുരക്കും. 2017ലെ റണ്ണറപ്പായ ഇന്ത്യക്ക് നാളെ ബംഗ്ലാദേശിനെതിരെയാണ് ആദ്യ അങ്കം. ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി 23ന് പാകിസ്താനെതിരെ ഹൈ വോൾട്ടേജ് പോരാട്ടം അരങ്ങേറും.
മാർച്ച് നാല്, അഞ്ച് തീയതികളിലാകും അവസാന നാലിലെ പോരാട്ടങ്ങൾ. ദുബൈ, ലാഹോർ വേദികളാകും. മാർച്ച് ഒമ്പതിന് ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലാകും (ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ) കലാശപ്പോരാട്ടം. 2017ൽ നടന്ന അവസാന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ 180 റൺസിന് തകർത്ത് പാകിസ്താൻ ചാമ്പ്യന്മാരായിരുന്നു.
ഗ്രൂപ് ഘട്ടം
നാലു ടീമുകളാക്കിയ രണ്ടു ഗ്രൂപ്പുകളിലായാണ് ഒന്നാം ഘട്ടം. ഓരോ ഗ്രൂപ്പിലും എല്ലാ ടീമും പരസ്പരം കളിച്ച് കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകൾ സെമിയിലെത്തും.
ഗ്രൂപ് എ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്
ഗ്രൂപ് ബി: ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക.
അഫ്ഗാൻ ആദ്യം
2023ലെ ലോകകപ്പിൽ ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക ടീമുകൾക്കെതിരെ ജയവുമായി ഞെട്ടിച്ച അഫ്ഗാനിസ്താൻ ഇത്തവണ ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങേറും. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് സെമിയിലെത്തിയ ബലത്തിലാണ് ഹശ്മത്തുല്ല ശാഹിദി നയിക്കുന്ന ടീം ചാമ്പ്യൻസ് ട്രോഫി കളിക്കുന്നത്.
സമ്മാനത്തുക കോടികൾ
20 കോടിയോളം രൂപയാണ് കിരീട ജേതാക്കളെ കാത്തിരിക്കുന്നത്. റണ്ണേഴ്സിന് പകുതിയും ലഭിക്കും. 2017ലെ ചാമ്പ്യൻസ് ട്രോഫിയെക്കാൾ 53 ശതമാനമാണ് സമ്മാനത്തുകയിലെ വർധന.
രോഹിതിനും കോഹ്ലിക്കും നിർണായകം?
ഇംഗ്ലണ്ടിനെതിരെ കരുത്തുകാട്ടി വിമർശകരുടെ വായ് മൂടിക്കെട്ടാനായിട്ടുണ്ടെങ്കിലും രണ്ട് വെറ്ററൻ കരുത്തരുടെ മിടുക്ക് അളക്കുന്നത് കൂടിയാകും ചാമ്പ്യൻസ് ട്രോഫി. ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖങ്ങളാണ് ഇരുവരും. അവർ നേടിയെടുത്ത നേട്ടങ്ങളോളമെത്താൻ സമീപകാലത്ത് ആരുമുണ്ടായിട്ടുമില്ല. ഇവർക്കു മാത്രമല്ല, കോച്ച് ഗൗതം ഗംഭീറിനുകൂടി ഇത് പരീക്ഷണ നാളുകൾ. 2013ൽ പിടിച്ച ചാമ്പ്യൻസ് ട്രോഫി വീണ്ടും ഷോകേസിലെത്തിക്കൽ ഇന്ത്യക്കും നിർണായകം.
വെല്ലുവിളികൾ തുറിച്ചുനോക്കി ടീമുകൾ
ഓരോ ടീമിനുമുണ്ട് വെല്ലുവിളികളേറെ. ഓസീസ് നിരയിൽ പാറ്റ് കമിൻസ്, മിച്ചെൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് എന്നിവരില്ലെന്നതുതന്നെ വിഷയം. ജോസ് ബട്ട്ലർ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റൺ എന്നിവരടങ്ങിയ ഇംഗ്ലീഷ് ടീമിൽ പ്രായമാണ് വില്ലൻ. ഹാരി ബ്രൂക്കും ബെൻ ഡക്കറ്റുമടങ്ങിയ പുതുനിര ഇനിയും ടീമിന്റെ വിജയശിൽപികളായിട്ടില്ല. ടിം സൗത്തിയും ട്രെന്റ് ബൗൾട്ടും മടങ്ങിയ കിവി നിരക്ക് ആധികൾ കുറവാണെങ്കിലും ഐ.സി.സി വൈറ്റ് ബാൾ കിരീടങ്ങളൊന്നും ഇതുവരെ പിടിക്കാൻ അവർക്കായിട്ടില്ല. ദക്ഷിണാഫ്രിക്കക്കും സമാനമാണ് പ്രശ്നങ്ങൾ. 1998ൽ ഐ.സി.സി നോക്കൗട്ട് ട്രോഫി പിടിച്ചതാണ് ദക്ഷിണാഫ്രിക്കയുടെ അവസാന നേട്ടം. ബംഗ്ലാദേശ് സമീപകാലത്ത് മോശം ഫോമുമായി ഏറെ പിറകിലാണ്.
‘ശിക്ഷ’ പിന്നിട്ട് പാകിസ്താൻ
ഏകദേശം മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാകിസ്താനിൽ വീണ്ടും മുൻനിര ക്രിക്കറ്റ് ടൂർണമെന്റ് വിരുന്നെത്തുന്നത്. 2009ൽ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടതോടെയാണ് സുരക്ഷ മുൻനിർത്തി പാക് വേദികൾക്ക് വിലക്കു വീഴുന്നത്. ഏറെ കഴിഞ്ഞും മുൻനിര ടീമുകൾ പാകിസ്താനിൽ കളിക്കാനെത്തിയില്ല. കോവിഡെടുത്ത അവസാന എഡിഷന് മുമ്പ് 2017ലെ ചാമ്പ്യന്മാരാണ് പാകിസ്താൻ. ലണ്ടനിലെ ഓവൽ മൈതാനത്തായിരുന്നു ടീം കിരീടം ചൂടിയത്. ഇംഗ്ലണ്ടും ഓസീസും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമടക്കം പിന്നീട് പാക് മണ്ണിലെത്തിയെങ്കിലും സുരക്ഷ ഭീഷണിയുള്ളതിനാൽ ഇന്ത്യൻ ടീം ഇത്തവണയും ദുബൈയിലാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.