ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ അയൽക്കാരായ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് വീഴ്ത്തി ജയത്തോടെ തുടങ്ങി ഇന്ത്യ. ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ബംഗ്ലാദേശിന്‍റെ 229 റൺസ് വിജയലക്ഷ്യം ഇന്ത്യ 21 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 46.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു.
ഗിൽ 129 പന്തിൽ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റൺസെടുത്തു. 47 പന്തിൽ 41 റൺസുമായി കെ.എൽ. രാഹുലും പുറത്താകാതെ നിന്നു. രോഹിത് ശർമ (36 പന്തിൽ 41), വിരാട് കോഹ്ലി (38 പന്തിൽ 22), ശ്രേയസ് അയ്യര്‍ (17 പന്തിൽ 15), അക്സർ പട്ടേൽ (12 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ. ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 9.5 ഓവറിൽ 69 റൺസാണ് അടിച്ചെടുത്തത്.
ടസ്കിൻ അഹമ്മദിന്റെ പന്തിൽ റിഷാദ് ഹുസെയ്ന്‍ ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. പിന്നാലെ സ്കോറിങ്ങിന്‍റെ വേഗത കുറഞ്ഞു. സ്പിന്നർ റിഷാദ് ഹുസെയ്നാണു കോഹ്ലിയെ പുറത്താക്കിയത്. സൗമ്യ സർക്കാറാണ് ക്യാച്ചെടുത്തത്. ഒരു ഫോറുമാത്രമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ശ്രേയസ് അയ്യർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. മുസ്തഫിസുർ റഹ്മാന്റെ പന്തിൽ നജ്മുൽ ഹുസൈൻ ഷന്റോ ക്യാച്ചെടുത്ത് ശ്രേയസിനെ മടക്കി. നേരത്തേയിറങ്ങിയ അക്സർ പട്ടേലും നിരാശപ്പെടുത്തി.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ രണ്ടു വിക്കറ്റും തസ്കിൻ അഹ്മദ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, തൗഹീദ് ഹൃദോയിയുടെ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 118 പന്തിൽ 100 റൺസടിച്ചാണ് താരം പുറത്തായത്. ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 35 റൺസ് എന്ന മോശം അവസ്ഥയിലായിരുന്ന ബംഗ്ലാദേശ് 100 റൺസ് തികക്കുകമോ എന്നുവരെ ആശങ്കപ്പെട്ടിരുന്നു.
ജേക്കർ അലി ബംഗ്ലദേശിനായി അർധ സെഞ്ച്വറി നേടി പുറത്തായി. 114 പന്തുകളിൽ 68 റൺസാണു താരം നേടിയത്. തൻസിദ് ഹസൻ (25 പന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് മറ്റു സ്കോറർമാർ. പത്തോവറുകൾ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.