കുൽദീപിന് മൂന്നു വിക്കറ്റ്; പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ ആവേശപോരിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി.

അർധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് ടീമിന്‍റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നായകൻ മുഹമ്മദ്‌ റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി.

ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. കുഷ്ദിൽ ഷായും (39 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം നടത്തി. ദുബൈയിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ തകർപ്പൻ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.

ഓപ്പണർമാരായ ഇമാമുൽ ഹഖും ബാബർ അസമും ശ്രദ്ധയോടെയാണ് പാക് ഇന്നിങ്സ് ആരംഭിച്ചത്. 26 പന്തിൽ 23 റൺസെടുത്ത ബാബറിനെ പുറത്താക്കി ഹാർദിക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പാണ്ഡ്യ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്ത് ബാബർ ബൗണ്ടറി കടത്തി. രണ്ടാം പന്തിലാണ് വിക്കറ്റ്. ഒരു ഗുഡ് ലെങ്ത് ബാളിൽ കവർ ഡ്രൈവ് ഷോട്ടിന് ശ്രമിച്ച ബാബറിന്‍റെ ബാറ്റിന്‍റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി പന്ത് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലേക്ക്.

പിന്നാലെ അക്സർ പട്ടേലിന്‍റെ മികച്ചൊരു ത്രോയിൽ റണ്ണൗട്ടായി ഉമാമുൽ ഹഖും മടങ്ങി. പിന്നാലെയാണ് മുഹമ്മദ്‌ റിസ്‌വാനും ഷക്കീലും ക്രീസിൽ ഒന്നിക്കുന്നത്. 25.3 ഓവറുകളിലാണ് പാകിസ്താൻ സ്കോർ നൂറ് കടന്നത്. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 104 റൺസാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടീം സ്കോർ 150 കടന്നതിനു പിന്നാലെ ഇരുവരും മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ത്വയ്യബ് താഹിറിനും നിലയുറപ്പിക്കാനായില്ല. ആറു പന്തിൽ നാല് റൺസെടുത്ത താരം രവീന്ദ്ര ജദേജയുടെ പന്തിൽ ക്ലീൻ ബൗൾഡ്. 43ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ സൽമാൻ ആഗ (24 പന്തിൽ 19), ഷഹീൻ ഷാ അഫ്രീദി (പൂജ്യം) എന്നിവരെ പുറത്താക്കി കുൽദീപ് യാദവിന്‍റെ ഇരട്ടപ്രഹരം.

പിന്നാലെ നസീം ഷാം ക്രീസിലെത്തിയെങ്കിലും ഹാട്രിക്ക് നേടാനായില്ല. 16 പന്തിൽ 14 റൺഡസെടുത്ത നസീം ഷാ കുൽദീപിന്‍റെ മറ്റൊരു ഓവറിൽ കോഹ്ലിക്ക് ക്യാച്ച് നൽകി മടങ്ങി. ഹാരിസ് റൗഫാണ് (ഏഴു പന്തിൽ എട്ട്) പുറത്തായ മറ്റൊരു താരം. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ രണ്ടും ഹർഷിത് റാണ, അക്സർ പട്ടേൽ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ബൗളിങ് ഓപ്പൺ ചെയ്ത വെറ്ററൻ താരം മുഹമ്മദ് ഷമി ആദ്യ ഓവറിൽ അ‍ഞ്ച് വൈഡുകളാണ് എറിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വൈഡുകൾ എറിയുന്ന രണ്ടാമത്തെ താരമായി ഇതോടെ ഷമി. 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ ഏഴു വൈഡുകൾ എറിഞ്ഞ സിംബാബ്‌വെ താരം ടിനാഷെ പന്യാംഗാരയാണ് ഒന്നാമത്. അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ആ ഓവറിൽ ആറു റൺസ് മാത്രമാണ് ഷമി വഴങ്ങിയത്.

Tags:    
News Summary - Champions Trophy 2025: Kuldeep Yadav Picks 3 Wickets As India Bundle Out Pakistan For 241

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.