ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാൽ ഇന്ത്യൻ ടീമിന് എത്ര രൂപ കിട്ടും? വിജയികൾക്കുള്ള സമ്മാനത്തുക അറിയാം...

ദുബൈ: എട്ട് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ തോൽവിയറിയാതെയാണ് ഇന്ത്യൻ ടീം കലാശപ്പോരിന് യോഗ്യത നേടിയത്. ദുബൈയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

ഇരുവരും മുൻ ജേതാക്കളാണ്. മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് ഗ്രൂപ് റൗണ്ടിൽ ഒരു കളി തോറ്റു. അതാവട്ടെ, ഇന്ത്യയോടും. ഇത് രോഹിത് ശർമക്കും സംഘത്തിനും ആത്മവിശ്വാസം നൽകുന്നുണ്ട്. ഇരുകൂട്ടരും യഥാക്രമം ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് സെമി ഫൈനലിൽ മടക്കിയത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 25 വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടുമൊരു ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം. കിരീടം നേടുന്ന ടീമികളുടെ പോക്കറ്റിൽ എത്തുക കോടികളാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ടൂർണമെന്‍റിന് വൻസമ്മാനത്തുകയാണ് പ്രഖ്യാപിച്ചത്. 60.06 കോടി രൂപയോളമാണ് പങ്കെടുക്കുന്ന ടീമുകൾക്ക് സമ്മാനമായി നൽകുന്നത്. പങ്കെടുത്ത എട്ടു ടീമുകൾക്കും 1.08 കോടി രൂപ വീതം ലഭിക്കും. കൂടാതെ, ഗ്രൂപ്പ് റൗണ്ടിലെ ഓരോ ജയത്തിനും 2.95 കോടി രൂപ അധികമായി ലഭിക്കും. 19.49 കോടി രൂപയാണ് കിരീടം നേടുന്ന ടീമിന്‍റെ പോക്കറ്റിൽ എത്തുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 9.74 കോടി രൂപയും. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ 21.4 കോടി രൂപയോളം ടീമിന് ലഭിക്കും. ഗ്രൂപ്പ് റൗണ്ടിലെ ജയത്തിനുള്ള സമ്മാനത്തുക ഉൾപ്പെടെയാണിത്. ഫൈനലിൽ തോൽക്കുകയാണെങ്കിൽ 11.6 കോടി രൂപയോളമാണ് മെൻ ഇൻ ബ്ലൂവിന് ലഭിക്കുക.

വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെന്‍റിന്‍റെ ഫൈനലിൽ 2000ത്തിനു ശേഷം ഇതാദ്യമായാണ് കിവീസിനെ ഇന്ത്യ നേരിടുന്നത്. ഐ.സി.സി ടൂർണമെന്‍റുകളിൽ രണ്ടുതവണയാണ് ഇന്ത്യ -ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ടിലും ജയം കിവീസിനൊപ്പമായിരുന്നു.

2000ത്തിൽ നയ്റോബിയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫി ഫൈനലിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യ നാല് വിക്കറ്റിനാണ് തോൽവി വഴങ്ങിയത്. ഇന്ത്യയുയർത്തിയ 265 റൺസ് വിജയലക്ഷ്യം ക്രിസ് കെയ്നിന്‍റെ സെഞ്ച്വറി മികവിലാണ് സ്റ്റീഫൻ ഫ്ലമിങ്ങിന്‍റെ നേതൃത്വത്തിലിറങ്ങിയ കിവീസ് മറികടന്നത്.

2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ -ന്യൂസിലൻഡ് പോരാട്ടമായിരുന്നു. മഴമൂലം ആറാം ദിവസത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. 2017ലാണ് ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറിയത്. അന്ന് ഫൈനലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ച് പാകിസ്താൻ കപ്പടിച്ചു.

Tags:    
News Summary - Champions Trophy 2025: How Much Prize Money Will Team India Earn After Winning The Title?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.