ദുബൈ: ചാമ്പ്യൻസ് ട്രോഫി മത്സരക്രമത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) രൂക്ഷമായി വിമർശിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ. സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിനു പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
സെമി ഫൈനലിൽ ഇന്ത്യയെ നേരിടേണ്ടിവരിക ദക്ഷിണാഫ്രിക്കയാണോ, ആസ്ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ, ഇരു ടീമുകളും പാകിസ്താനിൽനിന്ന് ദുബൈയിലെത്തിയിരുന്നു. വൈകീട്ട് നാലിന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം, തൊട്ടടുത്ത ദിവസം രാവിലെ 7.30ന് തിരികെ പാകിസ്താനിലേക്ക് തന്നെ പോകേണ്ടി വന്നു. ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിനുശേഷം സെമിഫൈനലിനായി ഒറ്റ ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യ–ന്യൂസിലൻഡ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിക്കുന്നവർക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസീസും തോൽക്കുന്നവർക്ക് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും എതിരാളികളായി വരുന്ന രീതിയിലായിരുന്നു മത്സരക്രമം. രണ്ടാം സെമിഫൈനലിന് രണ്ടുദിവസത്തെ ഇടവേളയുള്ളതിനാൽ ലഹോറിൽ സെമി കളിക്കുന്ന ടീമിനെ തൊട്ടടുത്ത ദിവസം പാകിസ്താനിലേക്ക് തന്നെ തിരിച്ചയക്കാനായിരുന്നു പദ്ധതി.
ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചതോടെ, ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. സെമിയിൽ എതിരാളികളായി ഓസീസാണ് എത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കൻ ടീം തൊട്ടടുത്ത ദിവസം രാവിലെ രണ്ടാം സെമിക്കായി പാകിസ്താനിലേക്ക് തിരിച്ചുപോയി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മില്ലറിന്‍റെ വിമർശം. ഫൈനലിൽ താരത്തിന്‍റെ പിന്തുണ ന്യൂസിലൻഡിനാണെന്നും മില്ലർ വ്യക്തമാക്കി.
‘ഒരു മണിക്കൂറിന്‍റെയും 40 മിനിറ്റിന്‍റെയും യാത്രാദൂരമാണെങ്കിൽ പോലും ഞങ്ങൾക്ക് ചെയ്യേണ്ടിവന്നത് ശരിയായ രീതിയല്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം അതിരാവിലെ ഞങ്ങൾക്ക് ദുബൈയിലേക്ക് പോകേണ്ടി വന്നു. വൈകീട്ട് നാലിന് അവിടെയെത്തി, തൊട്ടടുത്ത ദിവസം രാവിലെ 7.30ന് പാകിസ്താനിലേക്ക് തിരിച്ചു പറക്കേണ്ടി വന്നു. അത് അത്ര നല്ല രീതിയായി തോന്നിയില്ല. അഞ്ച് മണിക്കൂർ യാത്ര ചെയ്തു വന്ന് കളിക്കേണ്ടി വന്നുവെന്നല്ല, മടുപ്പ് മാറ്റാൻ ഇഷ്ടം പോലെ സമയം കിട്ടി എന്നതും സത്യമാണ്. പക്ഷേ, അത് ശരിയായ രീതിയില്ല’ -മില്ലർ പറഞ്ഞു.
വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്നിങ്സിന്‍റെ അവസാന പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് മില്ലറാണ് രണ്ടാം സെമിയിൽ ന്യൂസിലൻഡിനെതിരെ ടീമിന്‍റെ തോൽവിഭാരം കുറച്ചത്. ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്താണ് കിവീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസിന് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 312 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 67 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം മില്ലർ 100 റൺസെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.