കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താന് തോൽവി. ന്യൂസിലൻഡിനോട് 60 റൺസിനാണ് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 47.2 ഓവറിൽ 260 റൺസിന് ഓൾ ഔട്ടായി.
കുഷ്ദിൽ ഷായാണ് പാകിസ്താന്‍റെ ടോപ് സ്കോറർ. 49 പന്തിൽ 69 റൺസെടുത്താണ് താരം പുറത്തായത്. ബാബർ അസം 90 പന്തിൽ 64 റൺസെടുത്തു. വമ്പനടികളുമായി കളംനിറഞ്ഞ സൽമാൻ ആഘ 28 പന്തിൽ 42 റൺസെടുത്ത് പുറത്തായി. മറ്റു താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.
സൗദ് ഷക്കീൽ (19 പന്തിൽ ആറ്), നായകൻ മുഹമ്മദ് റിസ്വാൻ (14 പന്തിൽ മൂന്ന്), ഫഖർ സമാൻ (41 പന്തിൽ 24), തയ്യബ് താഹിർ (അഞ്ച് പന്തിൽ ഒന്ന്), ഷഹീൻ അഫ്രീദി (13 പന്തിൽ 14), നസീം ഷാ (15 പന്തിൽ 13), ഹാരിസ് റൗഫ് (10 പന്തിൽ 19) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
കീവീസിനായി വിൽ ഒറൂർക്കെ, മിച്ചൽ സാന്‍റനർ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. മാറ്റ് ഹെന്‍റി രണ്ടും മിച്ചൽ ബ്രേസ്വെൽ, നഥാൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഓപ്പണർ വിൽ യങ്ങിന്‍റെയും ടോം ലാഥമിന്‍റെയും തകർപ്പൻ സെഞ്ച്വറി കരുത്തിലാണ് കീവീസ് വമ്പൻ സ്കോറിലെത്തിയത്. 113 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം യങ് 107 റൺസെടുത്തു. 104 പന്തിൽ 118 റൺസുമായി ലാഥം പുറത്താകാതെ നിന്നു. മൂന്നു സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്ലെൻ ഫിലിപ്സ് അർധ സെഞ്ച്വറി നേടി പുറത്തായി. 39 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം താരം 61 റൺസെടുത്തു.
മുൻനിരയിൽ ഡെവോൺ കോൺവെ (10 റൺസ്), കെയിൻ വില്യംസൻ (ഒന്ന്), ഡാരിൽ മിച്ചൽ (10) എന്നിവർ നിരാശപ്പെടുത്തിയപ്പോഴാണ് കീവീസിന്‍റെ രക്ഷകരായി യങ്ങും ടോം ലാഥവും എത്തുന്നത്. പാകിസ്താനുവേണ്ടി പേസർമാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. നാലാം വിക്കറ്റിൽ യങ്ങും ലാഥമും അഞ്ചാം വിക്കറ്റിൽ ലാഥമും ഗ്ലെൻ ഫിലിപ്സും ചേർന്ന് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കീവീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.