മുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഞായറാഴ്ച ദുബൈ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് എതിരാളികൾ.
ടൂർണമെന്‍റിൽ ഇന്ത്യക്കായി മിന്നുംപ്രകടനമാണ് മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ കാഴ്ചവെക്കുന്നത്. നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ താരം നാലു മത്സരങ്ങളിൽനിന്ന് 195 റൺസാണ് നേടിയത്. 48.75 ആണ് ശരാശരി. രണ്ടു അർധ സെഞ്ച്വറികളും ഉൾപ്പെടും. ശ്രേയസിന്‍റെ വില തിരിച്ചറിഞ്ഞ ബി.സി.സി.ഐ, താരത്തിന്‍റെ കരാർ പുനസ്ഥാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍നിന്നു ശ്രേയസിനെ ഒഴിവാക്കിയത്. വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെയും ഒഴിവാക്കിയിരുന്നു.
അതിനുശേഷം ഇഷാൻ ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിലും ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ശ്രേയസിന്‍റെ സെൻട്രൽ കരാർ പുനഃസ്ഥാപിക്കുന്നത് ബി.സി.സി.ഐ പരിഗണിക്കുന്നത്. യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്.
സാധാരണ ഐ.പി.എല്ലിനു മുന്നോടിയായാണ് താരങ്ങളുടെ പുതുക്കിയ കരാർ പട്ടിക ബി.സി.സി.ഐ പ്രസിദ്ധീകരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷം പട്ടിക പുറത്തുവിടാനാണ് നീക്കം. നിലവിൽ എ പ്ലസ് കരാർ വിഭാഗത്തിൽ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണുള്ളത്. കോഹ്ലി, രോഹിത്, ജദേജ എന്നിവർ ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവരുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ടെസ്റ്റിൽ ഇവരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. താരങ്ങളുടെ പ്രകടനം വിലയിരുത്തിശേഷമാണ് കരാറിൽ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാൽ മൂവരെയും എ പ്ലസ് കാറ്റഗറിയിൽ തന്നെ നിലനിർത്തിയേക്കും. കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, ഋഷഭ് പന്ത് എന്നിവരെ എ കാറ്റഗറിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.