ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ നിർണായകമായ അഫ്ഗാനിസ്താൻ - ആസ്ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. 274 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയ 12.5 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മഴ കളിമുടക്കിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടു. നാലു പോയന്‍റുമായി നിലവിൽ ഗ്രൂപ്പിൽ ഒന്നാമതുള്ള ആസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചു.
മൂന്ന് പോയന്‍റുള്ള അഫ്ഗാനിസ്താൻ ഗ്രൂപ്പിൽ മൂന്നാമതാണ്. അത്രയും തന്നെ പോയന്‍റുള്ള ദക്ഷിണാഫ്രിക്ക മികച്ച റൺറേറ്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മത്സരമാണ് ശേഷിക്കുന്നത്. ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവർ ഗ്രൂപ് ചാമ്പ്യന്മാരാകും. ടൂർണമെന്‍റിൽനിന്ന് പുറത്തായ ഇംഗ്ലണ്ടിനെ സംബന്ധിച്ച് മത്സരം അപ്രസക്തമാണ്. ദക്ഷിണാഫ്രിക്ക വൻ മാർജിനിലുള്ള തോൽവി വഴങ്ങിയാൽ മാത്രമേ അഫ്ഗാന് സെമിയിൽ കടക്കാനാകൂ.
അതേസമയം മത്സരത്തിൽ മറുപടി ഇന്നിങ്സിൽ തകർത്തടിച്ചാണ് ഓസീസ് തുടങ്ങിയത്. മഴ സാധ്യത മുന്നിൽക്കണ്ട് വലിയ റൺറേറ്റിലാണ് അവർ സ്കോർ ചെയ്തത്. 15 പന്തിൽ 20 റൺസ് നേടിയ മാത്യു ഷോർട്ടിന്‍റെ വിക്കറ്റാണ് ആസ്ട്രേലിയക്ക് നഷ്ടമായത്. അസ്മത്തുല്ല ഒമർസായിക്കാണ് വിക്കറ്റ്. ട്രാവിസ് ഹെഡ് അർധ സെഞ്ച്വറി നേടി. 40 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 59 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് 19 റൺസും സ്വന്തമാക്കി. ഓസീസ് എളുപ്പത്തിൽ ജയം പിടിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് മഴ രസംകൊല്ലിയായത്.
ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. നേരത്തെ ആസ്ട്രേലിയ -ദക്ഷിണാഫ്രിക്ക മത്സരവും പാകിസ്താൻ -ബംഗ്ലാദേശ് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ 273 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ സെദിഖുല്ല അതൽ (85), അസ്മത്തുല്ല ഒമർസായ് (67) എന്നിവരാണ് അഫ്ഗാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ക്രീസിൽ നിലയുറപ്പിക്കുന്നതിനു മുമ്പ് അഫ്ഗാൻ ഓപണർ റഹ്മാനുല്ല ഗുർബാസിനെ (0) ക്ലീൻ ബൗൾഡാക്കിയാണ് ആസ്ട്രേലിയ തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അഫ്ഗാന് 67 റൺസ് കൂട്ടിച്ചേർക്കാനായി. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്റാൻ 22 റൺസ് നേടി പുറത്തായി.
കരുതലോടെ ബാറ്റുചെയ്ത അതൽ, അഫ്ഗാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 95 പന്തുകൾ നേരിട്ട താരം ആറ് ഫോറും മൂന്ന് സിക്സും സഹിതം 85 റൺസ് നേടിയാണ് പുറത്തായത്. റഹ്മത് ഷാ (12), ക്യാപ്റ്റൻ ഹസ്മത്തുല്ല ഷാഹിദി (20) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. എന്നാൽ അവസാന ഓവർ വരെ പിടിച്ചുനിന്ന ഒമർസായ് അഫ്ഗാന്‍റെ സ്കോർ ഉയർത്തുന്നതിൽ നിർണായക സംഭാവനയാണ് നൽകിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ കത്തിക്കയറിയ ഒമർസായിയുടെ പോരാട്ടമികവിൽ അഫ്ഗാൻ സ്കോർ 250 പിന്നിട്ടു. 63 പന്തുകൾ നേരിട്ട താരം ഒരു ഫോറും അഞ്ച് സിക്സും സഹിതം 67 റൺസാണ് നേടിയത്.
മുഹമ്മദ് നബി (ഒന്ന്), ഗുൽബദിൻ നയിബ് (നാല്), റാഷിദ് ഖാൻ (19), നൂർ അഹ്മദ് (ആറ്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. ഓസീസിനായി ഡാർഷൂയിസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ സ്പെൻസർ ജോൺസൻ, ആദം സാംപ എന്നിവർ രണ്ട് വീതവും നേഥൻ എല്ലിസ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.