ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ കലാശപ്പോരിന് ശേഷിക്കുന്നത് രണ്ട് നാൾ മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും ആധികാരിക ജയങ്ങളുമായി മുന്നേറിയ ഇന്ത്യയും, ഇന്ത്യക്കെതിരെ മാത്രം തോൽവി വഴങ്ങിയ ന്യൂസിലൻഡുമാണ് ഫൈനൽ മത്സരത്തിൽ കൊമ്പുകോർക്കുന്നത്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര ശക്തി തെളിയിക്കുന്ന കാഴ്ചയാണ് ദുബൈയിൽ കണ്ടത്. എല്ലാ ടീമുകളെയും തകർത്ത് മുന്നേറിയെങ്കിലും, ഫൈനലിന് ഇറങ്ങുമ്പോൾ കളിക്കാരുടെ സമീപനത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരം സുനിൽ ഗവാസ്കർ.
ടൂർണമെന്‍റിൽ ഒരിക്കൽ പോലും ഓപണിങ് പാർട്നർഷിപ്പിൽ മികച്ച സ്കോർ കണ്ടെത്താൻ ഇന്ത്യക്കായിട്ടില്ല. ആദ്യ പത്ത് ഓവറുകളിലും മധ്യ ഓവറുകളിലും ഇന്ത്യൻ ബോളർമാർ കൂടുതൽ വിക്കറ്റുകൾ നേടേണ്ടതുണ്ടെന്നും ഗവാസ്കർ പറയുന്നു. ന്യൂസിലൻഡിനെപ്പോലെ വമ്പൻ പാർട്നർഷിപ് സൃഷ്ടിക്കാൻ കെൽപുള്ള ടീമിനെതിരെ മികച്ച തന്ത്രവുമായി ഇറങ്ങേണ്ടത് പ്രധാനമാണെന്നും ഗവാസ്കർ ചൂണ്ടിക്കാണിക്കുന്നു.
“ഇന്ത്യൻ ടീമിന് ആവശ്യമായ തുടക്കം നൽകാൻ ഓപണർമാർക്ക് കഴിയുന്നില്ല. ടൂർണമെന്‍റിൽ ഇതുവരെ അത്തരത്തിലൊന്ന് ഉണ്ടായിട്ടില്ല. ബോളിങ്ങിന്‍റെ മൂർച്ചയും കൂട്ടേണ്ടതുണ്ട്. ആദ്യ പത്തോവറിൽ രണ്ടോ മൂന്നോ വിക്കറ്റ് വീഴ്ത്താനാകണം. റണ്ണൊഴുക്ക് കുറക്കാനാകുന്നുണ്ടെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴുന്നില്ല. ഫൈനൽ വിജയിക്കാൻ ഇക്കാര്യങ്ങളിലെല്ലാം മാറ്റം വരണം. സെമിയിലെ അതേ ഇലവനെ നിലനിർത്തി മികച്ച പ്രകടനം പുറത്തെടുക്കണം.
രോഹിത്ത് ആക്രമണ ശൈലിയിൽ ബാറ്റുവീശുന്നതിൽ പോരായ്മയുണ്ടെന്ന് കഴിഞ്ഞ മത്സരങ്ങളിൽ കണ്ടു. ശുഭ്മൻ ഗില്ലിന് സ്കോർ ചെയ്യാനാകുമ്പോഴും രോഹിത് പരാജയപ്പെടുന്നു. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്നതാകും നല്ലത്. 20-25 ഓവർ വരെയെങ്കിലും രോഹിത്തിന് ബാറ്റു ചെയ്യാനായാൽ അത് ടീമിന് വലിയ ഗുണമാകും. ബോളിങ്ങിൽ നാല് സ്പിന്നർമാരെ നിലനിർത്തുന്നത് തന്നെയാണ് നല്ലത്. വരുൺ ചക്രവർത്തിക്കൊപ്പം കുൽദീപ് കൂടി വന്നതിന്‍റെ ഗുണം കഴിഞ്ഞ മത്സരത്തിൽ കണ്ടു” -സുനിൽ ഗവാസ്കർ പറഞ്ഞു.
അതേസമയം 25 വർഷത്തെ ഇടവേളക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ -ന്യൂസിലൻഡ് ഫൈനലിന് വേദിയൊരുങ്ങുന്നത്. വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെന്റിന്റെ ഫൈനലിൽ 2000ത്തിനു ശേഷം ഇതാദ്യമായാണ് കിവീസിനെ മെൻ ഇൻ ബ്ലൂ നേരിടുന്നത്. ഐ.സി.സി ടൂർണമെന്റുകളിൽ രണ്ടുതവണയാണ് ഇന്ത്യ -ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ടിലും ജയം കിവീസിനൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.