ഒരു രക്ഷയുമില്ല! ബുംറയുടെ കിടിലോസ്കി പന്തിൽ കുറ്റി തെറിച്ചത് വിശ്വസിക്കാനാകാതെ സ്റ്റോക്സ് -വിഡിയോ

വിശാഖപട്ടണം: യുവതാരം യശസ്വി ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയും പേസർ ജസ്പ്രീത് ബുംറയുടെ മാജിക്കൽ ബൗളിങ്ങുമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത് ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ്. 15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ച് മെയ്ഡൻ‌ ഓവറുകളും എറിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ പുറത്താക്കിയാണ് 30കാരനായ ബുംറ റെക്കോഡ് ബുക്കിൽ ഇടംനേടിയത്. 50ാം ഓവറിലെ രണ്ടാം പന്തിൽ 47 റൺസെടുത്ത സ്റ്റോക്സിനെ ഒരു കിടിലോസ്കി പന്തിൽ താരം ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വിക്കറ്റ് തെറിച്ചത് വിശ്വസിക്കാനാകാതെ സ്റ്റോക്സ് ബാറ്റ് ക്രീസിലിട്ട് കൈ മലർത്തി നിൽക്കുന്നതിന്‍റെ വിഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വാലറ്റക്കാരോടൊപ്പം പൊരുതിനിന്നാണ് താരം ടീം സ്കോർ 200 കടത്തിയത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 253 റൺസിൽ അവസാനിച്ചു. മത്സരത്തിൽ ഒലീ പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ ബുംറയുടെ യോർക്കറും ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുന്നതാണ്. 55 പന്തിൽ 23 റൺസെടുത്ത് നിൽക്കെയാണ് ബുംറയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ പോപ്പ് ക്ലീൻ ബൗൾഡാകുന്നത്.

മികച്ച തുടക്കം ലഭിച്ചിട്ടും ബുംറയുടെ തകർപ്പൻ ബൗളിങ്ങിൽ ഇംഗ്ലണ്ടിന്‍റെ മധ്യനിര തകർന്നടിയുകയായിരുന്നു. 34 ടെസ്റ്റുകളിലാണ് 150 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്തിരുന്നു. യശസ്വി ജയ്സ്വാളിന്റെ ഡബിൾ സെഞ്ചറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

Tags:    
News Summary - Ben Stokes Stunned By Jasprit Bumrah's Cracking Delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.