ഗൗതം ഗംഭീറും അഭിഷേക് നായരും

'ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തി'; അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബി.സി.സി.ഐ

ന്യൂഡൽഹി: ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയതിനും അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ ബി.സി.സി.ഐ പുറത്താക്കി. മൂന്നുവർഷ കരാർ പൂർത്തിയാക്കിയ ഫീൽഡിങ് കോച്ച് ടി. ദിലീപ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായ് എന്നിവരെയും ബി.സി.സി.ഐ ഒഴിവാക്കി. ബോർഡർ - ഗവാസ്കർ ട്രോഫി 3-1ന് കൈവിട്ട ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.

മെൽബൺ ടെസ്റ്റിനു പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങളുടെ പ്രകടനത്തിൽ അതൃപ്തനായിരുന്നുവെന്നും ഡ്രസ്സിങ് റൂമിൽ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. അഭിഷേക് നായർ, മറ്റൊരു സഹപരിശീലകനായ റയാൻ ടെൻഡസ്ചാതെ എന്നിവർ നേരത്തെ തന്നെ ബി.സി.സി.ഐയുടെ നോട്ടപ്പുള്ളികളായിരുന്നുവെന്നും വിവരമുണ്ട്. ടീം മാനേജ്മെന്റിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടച്ചായിരുന്നു ഇതിനു കാരണം.

കഴിഞ്ഞ സീസണിൽ ഗംഭീറിന്റെ മെന്റർഷിപ്പിനു കീഴിലാണ് കൊൽക്കത്ത ടീം ഐ.പി.എൽ കിരീട ജേതാക്കളായത്. ഇന്ത്യയുടെ മുൻ ഓൾറൗണ്ടറായ അഭിഷേക് നായരും നെതർലൻഡ്സ് മുൻതാരം ടെൻഡസ്ചാതെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ഗംഭീറിനൊപ്പം സഹപരിശീലകരായിരുന്നു. എട്ട് മാസം മുമ്പ് നടന്ന ശ്രീലങ്കൻ പര്യടനത്തിനിടെയാണ് ഇരുവരും ടീം ഇന്ത്യയുടെ സഹപരിശീലകരായി സ്ഥാനമേറ്റത്. ബോർഡർ - ഗവാസ്കർ ട്രോഫിക്കിടെ മറ്റൊരു താരത്തിന് ഇന്ത്യയുടെ ക്യാപ്റ്റനാകാൻ താൽപര്യമുണ്ടെന്ന് ഉൾപ്പെടെ അഭ്യൂഹം പരന്നിരുന്നു.

മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയ സപ്പോർട്ടിങ് സ്റ്റാഫിനെ മാറ്റുമെന്ന് നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ടി. ദിലീപ്, സോഹം ദേശായ് എന്നിവരെ മാറ്റിയത്. 2024ലെ ട്വന്റി20 ലോകകപ്പ്, ഇത്തവണത്തെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ സംഘത്തിൽ ടി.ദിലീപും ഉൾപ്പെട്ടിരുന്നു. ടെൻഡസ്ചാതെയാകും ഇനി ദിലീപിന് പകരം ഫീൽഡിങ് കോച്ചാകുക. സഹപരിശീലകനായി ദക്ഷിണാഫ്രിക്കക്കാരനായ അഡ്രിയാൻ ലിറോക്സ് എത്തുമെന്നും വിവരമുണ്ട്.

Tags:    
News Summary - BCCI To Sack Three From Gautam Gambhir's Support Staff After Border Gavaskar Trophy Loss, Dressing Room News Leaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.