മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ലോഗോ വിവാദത്തിൽ വ്യക്തത വരുത്തി ബി.സി.സി.ഐ. ഇന്ത്യയുടെ ജഴ്സിയിൽ ആതിഥേയ രാജ്യമായ പാകിസ്താന്‍റെ പേരുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത്ത് സൈകിയ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമയും സംഘവും പാകിസ്താന്‍റെ പേര് പ്രിന്‍റ് ചെയ്യാത്ത ജഴ്സി ധരിച്ചാണ് കളിക്കാനിറങ്ങുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഐ.സി.സി ടൂർണമെന്റുകളിൽ ടീമുകൾ ലോഗോയോടൊപ്പം ആതിഥ്യം വഹിക്കുന്ന രാജ്യത്തിന്റെ പേരും ജഴ്സിയിൽ പ്രിന്റ് ചെയ്യാറുണ്ട്. പിന്നാലെ ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) രംഗത്തെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ നിയമാവലിയും നിർദേശങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ടീം പാലിക്കുമെന്ന് ദേവജിത്ത് സൈകിയ വ്യക്തമാക്കി.
ടൂർണമെന്‍റിന്‍റെ പേരും ആതിഥേയ രാജ്യത്തിന്‍റെ പേരും ഉൾപ്പെടെയാണ് ഐ.സി.സി ലോഗോ തയാറാക്കുക. ടൂർണമെന്‍റ് ഇത്തവണ ഹൈബ്രിഡ് മോഡലിലാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലും ബാക്കി ടീമുകളുടെ മത്സരങ്ങൾ പാകിസ്താനിലും നടക്കും. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതോടെയാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയത്.
ടൂർണമെന്‍റിൽ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് പോരാട്ടം ഫെബ്രുവരി 23ന് ദുബൈയിൽ നടക്കും. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ഉദ്ഘാടന മത്സരം. ആദ്യമത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. പാകിസ്താനു പുറമെ, ബംഗ്ലാദേശ്, ന്യൂസിലൻഡ് ടീമുകളാണ് ഇന്ത്യക്കൊപ്പം എ ഗ്രൂപ്പിലുള്ളത്.
ഫെബ്രുവരി 20ന് ബംഗ്ലാദേശിനെയും മാർച്ച് രണ്ടിന് ന്യൂസിലൻഡിനെയും ഇന്ത്യ നേരിടും. മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് ടീമുകളാണുള്ളത്. മാർച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. ഒമ്പതിന് ഫൈനൽ. ഫൈനലിന് റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും ആദ്യ സെമി യു.എ.ഇയിൽ നടക്കും. ലാഹോറാണ് ഫൈനലിന് വേദിയാകുന്നത്. ഇന്ത്യ കലാശപോരിന് യോഗ്യത നേടിയാൽ മത്സരം യു.എ.ഇയിലാണ് നടക്കുക. പാകിസ്താനാണ് നിലവിലെ ചാമ്പ്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.