ന്യൂഡൽഹി: വാഹനാപകടത്തിൽനിന്ന് രക്ഷപ്പെട്ട് 14 മാസത്തിനുശേഷം കളത്തിൽ തിരിച്ചെത്തുന്ന വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് അരങ്ങേറ്റക്കാരനെപ്പോലെ അൽപം പരിഭ്രമത്തിലാണ്. ഒരേ സമയം ആവേശഭരിതനും പരിഭ്രാന്തനുമാണെന്നും വീണ്ടും അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്ന് തോന്നുന്നുവെന്നും പന്ത് പറഞ്ഞു. ചൊവ്വാഴ്ചയാണ് പന്തിന് ഐ.പി.എൽ കളിക്കാൻ ബി.സി.സി.ഐ അനുമതി നൽകിയത്. മാർച്ച് 23ന് മൊഹാലിയിൽ പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി പന്ത് തിരിച്ചുവരവിലെ ആദ്യ മത്സരം കളിക്കും.
2022 ഡിസംബറിൽ റൂർക്കിയിലെ വീട്ടിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് പന്ത് കാറപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതാരത്തിന്റെ വലതു കാൽമുട്ടിൽ ലിഗ് മെൻറ് മാറ്റിവെച്ചിരുന്നു. കൈത്തണ്ടയും കണങ്കാലും ഒടിയുകയും ചെയ്തു. ചികിത്സക്കുശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരുകയായിരുന്നു. എല്ലാം അനുഭവിച്ചതിനുശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാൻ കഴിയുന്നത് അത്ഭുതമാണെന്ന് പന്ത് പറഞ്ഞു. അഭ്യുദയകാംക്ഷികളോടും ആരാധകരോടും നന്ദിയുണ്ട്. പ്രത്യേകിച്ച്, ബി.സി.സി.ഐയോടും ക്രിക്കറ്റ് അക്കാദമിയിലെ സ്റ്റാഫിനോടും. അവരുടെ സ്നേഹവും പിന്തുണയും വലിയ ശക്തിയായെന്ന് പന്ത് പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസിലേക്കും ഐ.പി.എല്ലിലേക്കും മടങ്ങിവരുന്നത് ആവേശഭരിതമാക്കുന്നതായും ഡൽഹി താരം അഭിപ്രായപ്പെട്ടു. കളിക്കാനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ശാരീരിക ക്ഷമത വീണ്ടെടുത്തതോടെ പന്ത് ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പറുടെ റോളിലുമുണ്ടാവും. 33 ടെസ്റ്റുകളിലും 30 ഏകദിനങ്ങളിലും 66 ട്വന്റി20യിലും ഋഷഭ് പന്ത് കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.