ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെയേറ്റ കനത്ത തോൽവിയിൽ നിന്നും കരകയറി ചാമ്പ്യൻസ് ട്രോഫി സാധ്യതകൾ നിലനിർത്താൻ പാകിസ്താന് ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. ദുബൈയിൽ വെച്ച് ഫെബ്രുവരി 23 ഞായറാഴ്ചയാണ് മത്സരം നടക്കുക. മത്സരം ഇന്ത്യ എളുപ്പം വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുൻ പാകിസ്താൻ താരം ബാസിത് അലി. ആദ്യ മത്സരത്തില് ന്യൂസിലാൻഡിനെതിരെ കറാച്ചിയിൽ 60 റൺസിനാണ് പാക് പട തോറ്റത്.
ഇന്ത്യക്കെതിരെ പാകിസ്താൻ ഏതെങ്കിലും തരത്തിൽ വിജയിക്കുകയാണെങ്കിൽ അത് ഒരു അട്ടിമറിയായിരിക്കുമെന്നാണ് ബാസിത് അലിയുടെ നിരീക്ഷണം. പാകിസ്താന് ഇന്ത്യക്കെതിരെ ഒരു സാധ്യതയും കാണുന്നില്ലെന്നും പാകിസ്താൻ തോറ്റാൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആരാധകർ ടി.വി ഒന്നും എറിഞ്ഞ് പോളിക്കില്ലെന്നും ബാസിത് അലി വിലയിരുത്തി.
'പാകിസ്താനെ സമ്പന്ധിച്ച് ഇതൊരു ഫൈനലാണ്. ഇന്ത്യ ടൂർണമെന്‍റ് വിജയിക്കാൻ സാധ്യത കൽപ്പിക്കുന്ന ടീമാണ്. പാകിസ്താൻ വിജയിക്കുകയാണെങ്കിൽ അതൊരു അട്ടിമറിയായിരിക്കും കാരണം പാകിസ്താൻ ക്രിക്കറ്റ് അത്രയും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
പാകിസ്താൻ ഏകപക്ഷീയമായി തോൽക്കുകയാണെങ്കിൽ ആരാധകർ ടി.വി സെറ്റുകൾ എറിഞ്ഞ് പൊട്ടിക്കില്ല. കാരണം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അത്രയും മോശമാണ്. വാ കൊണ്ടുള്ള പ്രതിഷേധങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.
ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ മികച്ച വിജയത്തിന്‍റെ ബലത്തിലാണ് ഇന്ത്യ എത്തുന്നത്. ആദ്യ മത്സരത്തിൽ ആര് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യൻ ബൗളിങ്ങും ബാറ്റിങ്ങും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ അവസരത്തിനൊത്തുയർന്നപോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.