പാട്ടുപാടി ചരിത്ര വിജയം ആഘോഷിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം -വിഡിയോ വൈറൽ

ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡിൽ ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം കരസ്ഥമാക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ലാദേശിന്‍റെ ആദ്യ ജയം കൂടിയാണിത്. എട്ട് വിക്കറ്റിന് വിജയം കൈവരിച്ച ബംഗ്ലാ കടുവകൾ മത്സര ശേഷം ഡ്രസിങ് റൂമിലെത്തി പാട്ടുകൾ പാടി തിമിർക്കുകയായിരുന്നു. ആവേശഭരിതരായ ടീം അംഗങ്ങൾ പാട്ടുപാടി ഉല്ലസിക്കുന്ന വിഡിയോ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) സമൂഹമാധ്യമം വഴി പങ്കുവെച്ചു. ''മൗണ്ട് മൗൻഗനുയിയിലെ ചരിത്ര വിജയത്തിന് ശേഷം ബംഗ്ലാദേശ് ടീമിന്‍റെ ഡ്രസ്സിങ് റൂം ആഘോഷങ്ങൾ'' എന്ന തലക്കെട്ടോടെയാണ് ബി.സി.ബി വിഡിയോ പങ്കുവച്ചത്.

ന്യൂസിലൻഡ് മണ്ണിൽ ഒരു ജയം പോലുമില്ലാതെയാണ് ബംഗ്ലാദേശ് പരമ്പരക്ക് എത്തിയത്. മുൻപ് 32 തവണ ഇരുവരും നേർക്കുനേർ വന്നപ്പോഴും കിവികൾക്കായിരുന്നു ആധിപത്യം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് ജയിക്കാൻ 42 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവർ ലക്ഷ്യം കാണുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീം (5), മൊമിനുൽ ഹഖ് (13) എന്നിവർ പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന്‍ ഷാൻറോ (17) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കിവീസ് 328 റൺസ് നേടി. 122 റൺസ് നേടിയ ഡെവൻ കോൺവെ ആയിരുന്നു ടോപ് സ്‌കോറർ. വിൽ യങ് (52), ഹെൻറി നിക്കോളാസ് (75) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി മെഹദി ഹസൻ, ഷെരിഫുൽ ഇസ്‌ലാം എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

അതോടെ രണ്ടാം ഇന്നിങ്സിൽ 40 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് 12 പോയിന്‍റ് സ്വന്തമാക്കി. ക്രൈസ്റ്റ്ചർച്ചിൽ ഈ മാസം ഒമ്പതിന് നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബംഗ്ലാ കടുവകൾ.

Tags:    
News Summary - Bangladesh Team Celebrates Milestone Win vs New Zealand With Popular Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.