ജഹനാര ആലം

ഒഫിഷ്യലുകളിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടു; ബംഗ്ലാദേശ് വനിത ക്രിക്കറ്ററുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അന്വേഷണം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഫിഷ്യലുകളിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി വനിത ടീമിന്‍റെ മുൻ ക്യാപ്റ്റനും പേസറുമായ ജഹനാര ആലം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 32കാരിയുടെ തുറന്നുപറച്ചിൽ.

2022ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന വനിത ഏകദിന ലോകകപ്പിനിടെ അന്നത്തെ സെലക്ടറും മാനേജറുമായ മഞ്ജൂറുൽ ഇസ്ലാം ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. വിവാദമായതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. നിലവിൽ ചൈനയിലുള്ള മഞ്ജൂറുൽ ആരോപണം നിഷേധിച്ചു. താരത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. 2022 ലോകകപ്പിനിടെ മഞ്ജൂറുൽ അഭിനന്ദിക്കാനെന്ന വ്യാജേന താരങ്ങളെ ആലിംഗനം ചെയ്ത് നെഞ്ചോട് ചേർത്തുപിടിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തിരുന്നതായാണ് ജഹനാരയുടെ പ്രധാന ആരോപണം. എന്നാൽ, ടീമിലെ മറ്റു താരങ്ങളോട് നിങ്ങൾക്ക് ഇതിനെ കുറിച്ചു ചോദിക്കാമെന്നും ആരോപണം തെറ്റാണെന്ന് അപ്പോൾ മനസ്സിലാകുമെന്നും മഞ്ജൂറുൽ പ്രതികരിച്ചു.

മുൻ ഇടങ്കൈയൻ സീമറായ മഞ്ജൂറുൽ ബംഗ്ലാദേശിനായി 1999 മുതൽ 2004 വരെ 12 ടെസ്റ്റുകളും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിന്നാലെ ടീമിന്‍റെ വിവിധ പരിശീലക റോളുകളും മാനേജർ പദവികളും വഹിച്ചു. മറ്റു ബി.സി.ബി ഒഫിഷ്യലുകളിൽനിന്നും സമാന അനുഭവം നേരിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോർഡിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ജഹനാര കുറ്റപ്പെടുത്തി. ബംഗ്ലാദേശിനായി 135 വൈറ്റ് ബാൾ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം, ഏകദിനത്തിൽ 48 വിക്കറ്റുകളും ട്വന്‍റി20യിൽ 60 വിക്കറ്റുകളും നേടിയിട്ടുണ്ട്.

താരത്തിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതി രൂപവത്കരിച്ചതായും 15 പ്രവൃത്തി ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ബി.സി.ബി വ്യക്തമാക്കി. സുരക്ഷിതവും സൗഹൃദപരവുമായ ഒരു അന്തരീക്ഷം നിലനിർത്താൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് ബി.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Bangladesh cricket probes sexual harassment claims made by former captain Jahanara Alam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.