'ഞാനാണ് ക്യാപ്റ്റൻ'; മത്സരത്തിനിടെ അമ്പയറോട് ബാബർ അസം; വിഡിയോ

ഏഷ്യ കപ്പ് ഫൈനലിന്‍റെ റിഹേഴ്സലായ, സൂപ്പർ ഫോറിലെ അവസാന കളിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിനാണ് ശ്രീലങ്ക തകർത്തത്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 19.1 ഓവറിൽ 121 റൺസെടുക്കുന്നതിനിടെ ലങ്കൻ ബൗളർമാർ എറിഞ്ഞിട്ടു.

ശ്രീലങ്ക 18 പന്ത് ബാക്കിനിൽക്കെ വിജയത്തിലെത്തി. ടൂർണമെന്‍റിൽ തുടർച്ചയായ നാലാം ജയവുമായി ലങ്ക ഏറെ ആത്മവിശ്വാസത്തിലാണ് കലാശപോരിന് തയാറെടുക്കുന്നത്. ഇരുടീമുകളും ഞായറാഴ്ച നടക്കുന്ന ഫൈനലിന് യോഗ്യത നേടിയതിനാൽ മത്സരഫലം അപ്രസക്തമായിരുന്നു.

അത് മത്സരത്തിലും പ്രകടമായിരുന്നു. സമ്മർദങ്ങളില്ലാതെയാണ് ഇരുടീമുകളും കളിച്ചത്. മത്സരത്തിന്‍റെ അവസാന ഓവറുകളിൽ കളത്തിൽ രസകരമായ സംഭവം അരങ്ങേറി. ഹസ്സൻ അലി ബൗൾ ചെയ്യുമ്പോൾ ലങ്കൻ താരം പാത്തും നിസ്സാങ്കയായിരുന്നു ക്രീസിലുണ്ടായിരുന്നത്. അലിയുടെ പന്ത് തേർഡ് മാനിനു മുകളിലൂടെ സ്കൂപ്പ് ചെയ്യാൻ നിസ്സാങ്ക ശ്രമിച്ചെങ്കിലും ബാറ്റിൽ തട്ടിയില്ല.

പന്ത് നേരെ കീപ്പർ മുഹമ്മദ് റിസ്വാന്‍റെ കൈകളിലേക്ക്. പന്ത് ബാറ്റിൽ തട്ടിയെന്ന ഉറപ്പിൽ വിക്കറ്റിനായി റിസ്വാൻ അപ്പീൽ ചെയ്തെങ്കിലും ഇന്ത്യൻ അമ്പയർ അനിൽ ചൗധരി നോട്ട് ഔട്ട് വിധിച്ചു. പാക് താരങ്ങൾ അപ്പീൽ തുടരുകയും നായകൻ ബാബർ അസം പിച്ചിലേക്ക് നടന്നടുക്കുകയും ചെയ്തതോടെ അമ്പയർ തീരുമാനം റിവ്യൂവിന് വിട്ടു. എന്നാൽ, യഥാർഥത്തിൽ ബാബറിന്‍റെ അനുമതി അമ്പയർ തേടിയിരുന്നില്ല.

അതൃപ്തി താരം അമ്പയറോട് പ്രകടമാക്കുകയും ചെയ്തു. ഞാനാണ് ക്യാപ്റ്റനെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ബാബർ അമ്പയറുടെ  അടുത്തേക്ക് നടന്നുവരുന്നത് വിഡിയോയിൽ കാണാനാകും. റിവ്യൂവിൽ ബൗളും ബാറ്റും തമ്മിൽ വലിയ വിടവുണ്ടായിരുന്നു. ഇതോടെ പാകിസ്താന് അനാവശ്യമായി മത്സരത്തിൽ ഒരു റിവ്യു നഷ്ടപ്പെടുകയും ചെയ്തു.

Tags:    
News Summary - Babar Azam reacts after umpire signals for DRS without his consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.