തുടർച്ചയായ രണ്ടാം വർഷവും ഐ.സി.സി ഏകദിന താരമായി ബാബർ അഅ്സം

പാക് നായകൻ ബാബർ അഅ്സം തുടർച്ചയായ രണ്ടാം വർഷവും ഐ.സി.സി ഏകദിന താരം. 2021ൽ ഏറ്റവും മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരം 2022ൽ മൂന്നു സെഞ്ച്വറികളുൾപ്പെടെ ഒമ്പതു മത്സരങ്ങളിലായി 679 റൺസ് നേടിയിരുന്നു. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഏറെയായി ഒന്നാം സ്ഥാനം നിലനിർത്തിവരികയാണ് താരം. 2021 ജൂലൈയിലാണ് ഒന്നാം നമ്പർ പദവി സ്വന്തമാക്കിയത്. അതുപിന്നീട് വിട്ടുനൽകിയിട്ടില്ല. നായകനെന്ന നിലക്ക് 2022ൽ ബാബർ അഅ്സമിനു കീഴിൽ ഒരു ഏകദിനം മാത്രമാണ് പാകിസ്താൻ തോറ്റത്. ഇതാണ് മറ്റുള്ളവരെ ബഹുദൂരം പിറകിലാക്കി രണ്ടാമതും പുരസ്കാരത്തിന് അർഹനാക്കിയത്.

‘‘കളി ജയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം, തകർപ്പൻ ആക്രമണോത്സുക ബാറ്റിങ്, വ്യക്തിഗതമായും നായകനെന്ന നിലക്കും അവിസ്മരണീയ മുഹൂർത്തങ്ങൾ എന്നിവ പുരസ്കാരത്തിന് അർഹനാക്കി’’യെന്ന് ഐ.സി.സി വാർത്താ കുറിപ്പിൽ പറഞ്ഞു.

ഐ.സി.സി ഏകദിന പുരുഷ ടീം ക്യാപ്റ്റനായും അടുത്തിടെ ബാബർ അഅ്സം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്, ഇന്ത്യയുടെ ശ്രേയസ് അയ്യർ, ന്യൂസിലൻഡ് താരം ടോം ലഥാം എന്നിവരാണ് ബാറ്റിങ്ങിൽ ബാബർ അഅ്സമിനോട് മത്സരിക്കാനുണ്ടായിരുന്നത്. 17 മത്സരങ്ങളിൽ 724 ആയിരുന്നു ശ്രേയസ് അയ്യരു​ടെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും കുറിച്ച് സിംബാ​ബ്വെക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സിക്കന്ദർ റാസയും ഇത്തവണ മുൻനിരയിലുണ്ട്. 

ഐ.സി.സി ടെസ്റ്റ് താരം ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സാണ്. 10 ടെസ്റ്റുകളിൽ ഒമ്പതും ജയിച്ച ഇംഗ്ലീഷ് ടീമിനെ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകൾ പിടിക്കാൻ സ്റ്റോക്സ് സഹായിച്ചിരുന്നു. പാകിസ്താനെ അവരുടെ തട്ടകത്തിൽ ചെന്ന് 3-0നും തോൽപിച്ചു. ബാറ്റിങ്ങിൽ രണ്ടു സെഞ്ച്വറികളടക്കം 870 റൺസായിരുന്നു സ്റ്റോക്സിന്റെ സമ്പാദ്യം. നാട്ടുകാരനായ ജോണി ബെയർസ്റ്റോ, ആസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ തുടങ്ങിയവരും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ബഹുദൂരം ​മുന്നിലെത്തിയായിരുന്നു സ്റ്റോക്സിന്റെ തെരഞ്ഞെടുപ്പ്. 

Tags:    
News Summary - Babar Azam Named ICC Men's ODI Cricketer For Second Consecutive Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.