ബിരിയാണി എങ്ങനെയുണ്ട്? രവി ശാസ്ത്രിയുടെ ചോദ്യത്തിന് ബാബറിന്‍റെ ‘രസകരമായ’ മറുപടി!

ഏകദിന ലോകകപ്പിന്‍റെ 13ാം പതിപ്പിന് വ്യാഴാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങുണരും. 13 വർഷത്തിനുശേഷമാണ് ഇന്ത്യ വീണ്ടുമൊരു ലോകകപ്പിന് വേദിയാകുന്നത്. ഒറ്റക്ക് ആതിഥ്യം വഹിക്കുന്നത് ഇതാദ്യവും. ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നതിനു മുന്നോടിയായി പങ്കെടുക്കുന്ന പത്ത് ടീമുകളുടെ നായകന്മാരും ‘ക്യാപ്റ്റൻസ് ഡേ’യുടെ ഭാഗമായി ബുധനാഴ്ച മോദി സ്റ്റേഡിയത്തിൽ ഒത്തുകൂടി.

ലോകകപ്പ് കിരീടത്തിനൊപ്പംനിന്ന് ഫോട്ടോയെടുക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇന്ത്യൻ നായകൻ രോഹിത് ശർമയോടും പാകിസ്താൻ നായകൻ ബാബർ അസമിനോടുമായിരുന്നു മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളും. ഇതിനിടെയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി ഹൈദരാബാദി ബിരിയാണിയെ കുറിച്ച് ബാബറിനോട് ചോദിക്കുന്നത്. ബിരിയാണി എങ്ങനെയുണ്ടെന്നായിരുന്നു ചോദ്യം.

ഇത് കേട്ട് ഏറെ നേര ചിരിച്ച ബാബർ, നൂറു തവണയെങ്കിലും ഈ ചോദ്യത്തിന് താൻ മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. പിന്നാലെ ഹൈദരാബാദ് ബിരിയാണി വളരെ മികച്ചതാണെന്നും താരം പറഞ്ഞു. നേരത്തെ, പാകിസ്താൻ താരങ്ങളുടെ ‘ബിരിയാണി ചർച്ച’യുടെ വിഡിയോ ഐ.സി.സി പുറത്തുവിട്ടിരുന്നു. ‘ബിരിയാണികളുടെ പോരാട്ടം’ എന്നാണ് ഇൻസ്റ്റഗ്രാമിലെ വിഡിയോക്ക് നൽകിയ തലക്കെട്ട്.

കറാച്ചി ബിരിയാണിയേക്കാൾ മികച്ചത് ഹൈദരാബാദി ബിരിയാണിയെന്നാണ് ഭൂരിഭാഗം താരങ്ങളും പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് ഏകദിന ലോകകപ്പിനായി പാക് ടീം ഹൈദരാബാദിൽ എത്തിയത്. താരങ്ങൾക്ക് വമ്പിച്ച സ്വീകരണമാണ് സംഘാടകർ ഒരുക്കിയത്. ഇതിനിടെ ഹൈദരാബാദ് ബിരിയാണി ഉൾപ്പെടെ ഇന്ത്യയിലെ ഭക്ഷണവൈവിധ്യങ്ങൾ പാക് താരങ്ങൾ രുചിച്ചറിഞ്ഞിരുന്നു. ഈമാസം ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്താന്‍റെ ലോകകപ്പ് അരങ്ങേറ്റം.

Tags:    
News Summary - Babar Azam Gives Hilarious Response To Ravi Shastri During Captains Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.