ഡൽഹിക്ക് പുതിയ നായകൻ; രാഹുലിന് പകരം ക്യാപിറ്റൽസിനെ നയിക്കാൻ അക്സർ പട്ടേൽ

ഐ.പി.എൽ ഏറ്റവും പുതിയ സീസൺ ആരംഭിക്കാനിരിക്കെ പുതിയ നായകനെ തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് ഡൽഹിയുടെ പുതിയ നായകൻ. കഴിഞ്ഞ വർഷങ്ങളിൽ നായകനായിരുന്ന ഋഷഭ് പന്തിന് പകരക്കാരനായാണ് അക്സർ നായകനായെത്തുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും  ലഖ്നൗ സൂപ്പർജയന്‍റ്സിന്‍റെ മുൻ നായകനുമായിരുന്ന കെ.എൽ. രാഹുലിനെ നായകനാക്കാനായിരുന്നു ഡൽഹി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നായകനാകാൻ താത്പര്യമില്ലെന്ന് പറഞ്ഞ് രാഹുൽ തന്നെ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് വെക്കുകയായിരുന്നു.

2019 മുതൽ ഡൽഹി ക്യാപിറ്റൽസിന്‍റെ വിശ്വസ്തനായ ഓൾറൗണ്ടറാണ് അക്സർ പട്ടേൽ. ഈ വർഷത്തെ മെഗാലേലത്തിന് മുന്നോടിയായി ഡെൽഹി നിലനിർത്തിയ നാല് താരങ്ങളിൽ ഒരാളുമായിരുന്നു അക്സർ. കുൽദീപ് യാദവ്, അഭിഷേക് പോറെൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് മറ്റ് മൂന്ന് പേർ. 18 കോടി നൽകിയാണ് അക്സറിനെ ഡെൽഹി നിലനിർത്തിയത്.

ഡെൽഹിക്ക് വേണ്ടി 82 മത്സരങ്ങളിൽ പങ്കെടുത്ത താരം 967 റൺസ് നേടിയിട്ടുണ്ട്. 7.09 എക്കോണമിയിൽ നിന്നും 62 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ഇന്ത്യൻ ടീമിലും പ്രധാനിയാകാൻ അക്സറിന് സാധിച്ചു. ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യക്ക് വേണ്ടി മികച്ച സംഭാവന ചെയ്യാൻ അക്സറിന് സാധിച്ചു. ഡൽഹിയുടെ നായകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ടീമിനെയും ആരാധകരെയും മാനേജമെന്‍റിനെയും നിരാശരാക്കാതിരിക്കാൻ ശ്രമിക്കുമെന്നും അക്സർ ക്യാപ്റ്റൻ ആയതിന് ശേഷം പറഞ്ഞു. 

Tags:    
News Summary - axar patel will be captain of delhi capitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.