‘ഷാറൂഖ് ഖാന് കഴിയുമോ ഇങ്ങനെ...’; തരംഗമായി ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറുടെ ‘ബേഷരം രംഗ്’ വിഡിയോ

ഷാറൂഖ് ഖാൻ നായകനായ ‘പത്താൻ’ സിനിമ ലോകമെങ്ങും തരംഗമാവുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ബോക്സോഫിസ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറ്റം തുടരുകയാണ്. ഇതിനിടെ ആസ്ട്രേലിയൻ ഓപണിങ് ബാറ്റർ ഡേവിഡ് വാർണർ ഇറക്കിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. പത്താനിലെ സൂപ്പർ ഹിറ്റ് ഗാനം ‘ബേഷരം രംഗി’ൽ ഷാറൂഖ് ഖാന്റെ മുഖത്തിന്റെ സ്ഥാനത്ത് സ്വന്തം മുഖം കൊണ്ടുവന്നാണ് വിഡിയോ ‘റിലീസ്’ ചെയ്തിരിക്കുന്നത്. ‘എ​ന്തൊരു സിനിമ​!, ഇതിനൊരു പേരിടാമോ’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഐ.പി.എല്ലിനായി മാസങ്ങളോളം ഇന്ത്യയിൽ ചെലവിട്ടിട്ടുള്ള വാർണർ ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകനാണ്. ഇന്ത്യൻ പാട്ടുകൾക്കൊപ്പം ഡാൻസ് ചെയ്യുന്ന താരത്തിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾക്കായി വാർണർ ഉടൻ ഇന്ത്യയിലെത്തും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തിളങ്ങിയ വിദേശ താരങ്ങളിൽ ഒരാളാണ് ഡേവിഡ് വാർണർ. സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ഡെയർ ഡെവിൾസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി 5000ത്തിലധികം റൺസ് നേടിയ അദ്ദേഹം മൂന്ന് തവണയാണ് കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് നേടിയത്. ആസ്ട്രേലിയക്കായി 100 ടെസ്റ്റിലും 141 ഏകദിനങ്ങളിലും 99 ട്വന്റി 20കളിലും ഇറങ്ങിയ വാർണർ 2015ൽ ലോകകപ്പ് നേടിയ ഏകദിന ടീമിലും 2021ൽ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

Tags:    
News Summary - Australian cricketer David Warner's 'Besharam Rang' video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.