ആഷസ്​ പടിവാതിൽക്കലെത്തി നിൽക്കേ നായകനില്ലാതെ ഓസീസ്​; സാധ്യത ഈ താരങ്ങൾക്ക്

സിഡ്​നി: ആഷസ്​ പരമ്പരക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ്​ ലൈംഗിക വിവാദത്തിൽ കുരുങ്ങി ആസ്​ട്രേലിയൻ ടെസ്റ്റ്​ ടീം നായകൻ ടിം പെയ്​ൻ സ്​ഥാനമൊഴിഞ്ഞത്​. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത് വിവാദമായ സാഹചര്യത്തിലാണ് പെയ്ന്‍ സ്ഥാനമൊഴിഞ്ഞത്.

ആഷസ്​ മുന്നിൽ കണ്ട്​ എത്രയും വേഗത്തിൽ നായകനെ നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ്​ ടീം മാനേജ്​മെന്‍റ്​. ഉപനായകനും പേസ്​ കുന്തമുനയുമായ പാറ്റ്​ കമ്മിൻസിന്‍റെ പേരാണ്​ നായക സ്​ഥാനത്തേക്ക്​ ഉയർന്ന്​ കേൾക്കുന്നത്​. മാർക്​ ടെയ്​ലർ, ഡെന്നിസ്​ ലില്ലി, സ്റ്റീവ്​ വോ എന്നിവരുടെ പിന്തുണ 28കാരൻ സ്വന്തമാക്കിക്കഴിഞ്ഞു.

2019 മുതൽ ടെസ്റ്റിലും പരിമിത ഓവർ ക്രിക്കറ്റിലും കമ്മിൻസാണ്​ ഉപനായകൻ. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന്​ നായക സ്​ഥാനം നഷ്​ടപ്പെട്ട സ്റ്റീവൻ സ്​മിത്തിനെയും പരിഗണിക്കുന്നുണ്ടെന്നാണ്​ കേൾക്കുന്നത്​.

2018ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച്​ പന്തുചുരുണ്ടൽ വിവാദത്തെ തുടർന്ന്​ സ്​മിത്തിന്​ ഒരുവർഷം വിലക്ക്​ ലഭിച്ചതോടെയാണ്​ പെയ്​ൻ നായകനായത്​. ഇത്​ വിക്കറ്റ്​ കീപ്പർ ബാറ്ററുടെ കരിയറിന്​ തന്നെ വലിയ ഉത്തേജനമായിരുന്നു.

കമ്മിൻസ്​ നായകനായാൽ സ്​മിത്ത്​ ഉപനായനായേക്കും. കമ്മിൻസിന്​ നായക സ്​ഥാനം ലഭിച്ചാൽ അത്​ ചരിത്രമാകും. റേ ലിൻഡ്​വാളിന് ശേഷം ആസ്​ട്രേലിയൻ ടെസ്റ്റ്​ ടീം നായകനാകുന്ന ആദ്യ സ്​പെഷ്യലിസ്റ്റ്​ ബൗളറാകും കമ്മിൻസ്​. 1956ൽ ഒരു ടെസ്റ്റിൽ മാത്രമാണ്​ ലിൻഡ്​വാൾ കംഗാരുക്കളെ നയിച്ചത്​.

സ്​മിത്തിനും കമ്മിൻസിനുമൊപ്പം വിവിധ ഫോർമാറ്റുകളിൽ ഉപനായക സ്​ഥാനം അലങ്കരിച്ച ജോഷ്​ ഹെയ്​സൽവുഡും ട്രെവിസ്​ ഹെഡും നായക സ്​ഥാനത്തേക്ക്​ പരിഗണിക്കപ്പെടുന്നുണ്ട്​.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലൂടെ നായക സ്​ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച പെയ്​ൻ ആഷസിൽ ടീമിന്‍റെ വിക്കറ്റ്​ കാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്​ സംശയമാണ്​. ഡിസംബർ എട്ടിന്​ നടക്കാൻ പോകുന്ന ആദ്യ ടെസ്റ്റിൽ അലക്​സ്​ കാരിയോ ജോഷ്​ ഇൻഗ്ലിസോ ആകും ഓസീസിന്‍റെ കീപ്പിങ്​ ഗ്ലൗസ്​ അണിയുക.

കുടുംബത്തെയും ക്രിക്കറ്റ് ആസ്ട്രേലിയയേയും വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നതായി പെയ്ന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെയ്‌നെതിരായ ആരോപണം ക്രിക്കറ്റ് ആസ്‌ട്രേലിയ അന്വേഷിച്ചിരുന്നു.

2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്‌ന്‍ ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് വാർത്ത. ടാസ്മാനിയന്‍ ടീമില്‍ ഉണ്ടായിരുന്ന പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു.

Tags:    
News Summary - Australia without captain as Ashes in doorstep; Possibility for these two stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.