കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റ്; ഇന്ത്യയെ മൂന്നു വിക്കറ്റിന് തോൽപിച്ച് ആസ്ട്രേലിയ

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ട്വന്‍റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോല്‍വി. പൂള്‍ എയില്‍ ലോകചാമ്പ്യന്മാരായ ആസ്‌ട്രേലിയ മൂന്നു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്.

ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിച്ച ഇന്ത്യക്ക് ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറുടെ ഒറ്റയാൾ പ്രകടനമാണ് തിരിച്ചടിയായത്. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് ആസ്‌ട്രേലിയ 19 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 49 റണ്‍സെടുക്കുന്നതിനിടെ ഓസിസിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ നാല് ബാറ്റര്‍മാരെയും രേണുക സിങ് അതിവേഗത്തിൽ മടക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ആറാം വിക്കറ്റിൽ ആഷ്‌ലിയും ഗ്രേസ് ഹാരിസും ചേർന്ന് നേടിയ അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം തട്ടിപ്പറിച്ചെടുത്തത്.

ആറു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആസ്‌ട്രേലിയയുടെ വിജയം. ആഷ്‌ലി 35 പന്തുകളില്‍നിന്ന് 52 റണ്‍സെടുത്ത് പുറത്താവാതെ ടീമിന്റെ വിജയശില്‍പ്പിയായി. 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അലാന കിങ് ഗാര്‍ഡ്‌നര്‍ക്ക് തുണയായി. രേണുക നാലോവറില്‍ 18 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി.

34 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മ 48 റൺസും സ്മൃതി മന്ദാന (24) റൺസും നേടി. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അടുത്ത മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും.

Tags:    
News Summary - Australia Beat India By 3 Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.