ഇന്ത്യ -പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ, മടങ്ങിപ്പോയ വിദേശ താരങ്ങൾ, പ്രധാനമായും ഓസീസ് താരങ്ങൾ തിരിച്ചെത്തുമോ എന്നതായിരുന്നു ഫ്രാഞ്ചൈസികളുടെ പ്രധാന ആശങ്ക. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾക്ക് വ്യക്തിപരമായി തീരുമാനമെടുക്കാമെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കിയത്. ജൂൺ 11ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുമ്പായി താരങ്ങൾ ടീമിനൊപ്പം ചേരണമെന്നും ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരുന്നു.
ക്രിക്കറ്റ് ബോർഡിന്‍റെ നിർദേശത്തോട് താരങ്ങളുടെ പ്രതികരണം എന്താണെന്ന് അറിയും മുമ്പ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും പിന്നാലെ വെസ്റ്റിൻഡീസിൽ നടക്കുന്ന ക്വാണ്ടാസ് ടെസ്റ്റ് ടൂറിനുമുള്ള സംഘത്തെ ബോർഡ് പ്രഖ്യാപിച്ചു. പാറ്റ് കമിൻസ് നയിക്കുന്ന ടീമിൽ പരിക്കിൽനിന്ന് മോചിതനായ കാമറൂൺ ഗ്രീനിനെയും സ്പിന്നർ മാറ്റ് കുനെമാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഓസീസിന്‍റെ എതിരാളികൾ. രണ്ടാം കിരീടം നേടുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് സംഘം ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നത്.
ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും ഐ.പി.എല്ലിനായി മടങ്ങിയെത്താൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. മേയ് 25ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്‍റ് പുതിയ മത്സരക്രമം അനുസരിച്ച് ജൂൺ മൂന്നിനാണ് അവസാനിക്കുന്നത്. ടൂർണമെന്‍റിൽ കളിക്കുന്ന ഓസീസ്, പ്രോട്ടീസ് താരങ്ങൾ ഒരാഴ്ചക്കു ശേഷം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും കളിക്കേണ്ടിവരും. ഓസീസ് താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തങ്ങൾ ആസ്ട്രേലിയൻ സർക്കാറുമായും ബി.സി.സി.ഐയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ഐ.പി.എല്ലിൽ കളിക്കുന്ന മറ്റ് പ്രധാന ഓസീസ് താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.