മെൽബൺ: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയ 318 റൺസിന് പുറത്ത്. ഒന്നാം ദിനം മൂന്നിന് 187 റൺസെന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസീസ് രണ്ടാം ദിനം മാർനസ് ലബൂഷെയ്നിന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് 300 കടന്നത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ ആറിന് 196 റൺസെന്ന നിലയിൽ പതറുകയാണ്.
കഴിഞ്ഞ ദിവസത്തെ മികച്ച തുടക്കം വേണ്ടരീതിയിൽ മുതലെടുക്കാൻ തുടർന്നെത്തിയ ഓസീസ് ബാറ്റർമാർക്കായില്ല. 44 റൺസുമായി ക്രീസിലുണ്ടായിരുന്ന ലബൂഷെയ്ൻ 63 റൺസെടുത്ത് നിൽക്കെ ആമിർ ജമാലിന്റെ പന്തിൽ അബ്ദുല്ല ഷഫീഖ് പിടിച്ച് പുറത്തായി. തുടർന്നെത്തിയവരിൽ 41 റൺസെടുത്ത മിച്ചൽ മാർഷിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ട്രാവിസ് ഹെഡ് (17), അലക്സ് കാരി (4), മിച്ചൽ സ്റ്റാർക്ക് (9), പാറ്റ് കമ്മിൻസ് (13), നഥാൻ ലിയോൺ (8) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ അഞ്ച് റൺസുമായി ജോഷ് ഹേസൽവുഡ് പുറത്താവാതെനിന്നു. നേരത്തെ ഓപണർമാരായ ഡേവിഡ് വാർണറും (38) ഉസ്മാൻ ഖ്വാജയും ചേർന്ന് ആദ്യ വിക്കറ്റിൽ 90 റൺസ് ചേർക്കുകയും ലബൂഷെയിനൊപ്പം സ്റ്റീവൻ സ്മിത്ത് (26) പിടിച്ചുനിൽക്കുകയും ചെയ്തതോടെ ഓസീസ് കൂറ്റൻ സ്കോറിലേക്കാണെന്ന് തോന്നിച്ചെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആമിർ ജമാലും രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീൻ അഫ്രീദിയും മിർ ഹംസയും ഹസൻ അലിയും ചേർന്ന് ആതിഥേയരെ പിടിച്ചുകെട്ടുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റേതും ഭേദപ്പെട്ട തുടക്കമായിരുന്നു. ഓപണർമാരായ അബ്ദുല്ല ഷഫീഖും ഇമാമുൽ ഹഖും ചേർന്ന് ആദ്യ വിക്കറ്റിൽ 34 റൺസ് ചേർത്ത് വഴിപിരിഞ്ഞു. തപ്പിത്തടഞ്ഞ ഇമാമുൽ ഹഖ് 44 പന്ത് നേരിട്ട് 10 റൺസ് മാത്രം നേടി മടങ്ങുകയായിരുന്നു. എന്നാൽ, ഷഫീഖും വൺഡൗണായെത്തിയ ക്യാപ്റ്റൻ ഷാ മസൂദും ചേർന്ന് പാകിസ്താനെ മികച്ച സ്കോറിലെത്തിക്കുമെന്ന് തോന്നിച്ചു. രണ്ടാം വിക്കറ്റിൽ 90 റൺസ് ചേർത്താണ് ഇരുവരും വഴിപിരിഞ്ഞത്. 62 റൺസെടുത്ത ഷഫീഖിനെ പാറ്റ് കമ്മിൻസ് സ്വന്തം ബാളിൽ പിടികൂടിയപ്പോൾ 54 റൺസെടുത്ത ഷാൻ മസൂദിനെ ലിയോൺ മിച്ചൽ മാർഷിന്റെ കൈയിലെത്തിച്ചു. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴുകയായിരുന്നു. ബാബർ അസം (1), സൗദ് ഷകീൽ (9), ആഗ സൽമാൻ (5) എന്നിവരാണ് വന്നപോലെ മടങ്ങിയത്. 29 റൺസുമായി മുഹമ്മദ് റിസ്‍വാനും രണ്ട് റൺസുമായി ആമിർ ജമാലുമാണ് ക്രീസിൽ. ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് മൂന്നും നഥാൻ ലിയോൺ രണ്ടും ജോഷ് ഹേസൽവുഡ് ഒന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.