ദുബൈ: ഏഷ്യ കപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ യു.എ.ഇക്ക് 147 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. പാകിസ്താനുവേണ്ടി ഫഖർ സമാൻ അർധ സെഞ്ച്വറി നേടി. 36 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 50 റൺസെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളിൽ ഷഹീൻ ഷാ അഫ്രീദിയുടെ വമ്പനടികളാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 14 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 29 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.
ജുനൈദ് സിദ്ദീഖിന്‍റെയും സിംറാൻജിത് സിങ്ങിന്‍റെയും ബൗളിങ്ങാണ് പാകിസ്താൻ ബാറ്റർമാരെ പിടിച്ചുകെട്ടിയത്. നാലു ഓവറിൽ 18 റൺസ് വഴങ്ങി ജുനൈദ് നാലു വിക്കറ്റും നാലു ഓവറിൽ 26 റൺസ് വഴങ്ങി സിംറാൻജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിക്കുന്ന ടീം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. നായകൻ സൽമാൻ ആഗ 27 പന്തിൽ 20 റൺസെടുത്തു. 2.4 ഓവറിൽ ഒമ്പത് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ സാഹിബ്സാദ ഫർഹാനെയും (12 പന്തിൽ അഞ്ച്), സായിം അയൂബിനെയും (പൂജ്യം) പാകിസ്താന് നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഫഖർ സമാനും സൽമാൻ ആഗയും ചേർന്നാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്.
ഇരുവരും 61 റൺസെടുത്താണ് പിരിഞ്ഞത്. ഹസൻ നവാസ് (നാലു പന്തിൽ മൂന്ന്), ഖുശ്ദിൽ ഷാ (ആറു പന്തിൽ നാല്), മുഹമ്മദ് ഹാരിസ് (14 പന്തിൽ 18), മുഹമ്മദ് നവാസ് (അഞ്ചു പന്തിൽ നാല്), ഹാരിസ് റൗഫ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യു.എ.ഇക്കുവേണ്ടി ജുനൈദ് സിദ്ദീഖ് നാലു വിക്കറ്റും സിംറാൻജിത് സിങ് മൂന്നു വിക്കറ്റും നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ സൂപ്പർ ഫോറിലെത്തിയിരുന്നു. നാടകീയതക്കൊടുവിലാണ് മത്സരം തുടങ്ങിയത്. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിൽ പ്രതിഷേധിച്ച് ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായി ഒടുവിൽ പാകിസ്താൻ മത്സരത്തിന് തയാറാവുകയായിരുന്നു. രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.