ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ആകാശദൃശ്യം
ദുബൈ: 15ാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച ദുബൈയിൽ തുടക്കമാവും. ഇത്തവണ ട്വന്റി20 മത്സരങ്ങളാണ് നടക്കുക. ശ്രീലങ്കയിൽ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി കാരണം യു.എ.ഇയിലേക്കു മാറ്റുകയായിരുന്നു. ദുബൈയിലും ഷാർജയിലുമാണ് ഇക്കുറി മത്സരങ്ങൾ.
ഗ്രൂപ് എയിൽ ഇന്ത്യ, പാകിസ്താൻ, ഹോങ്കോങ്, ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളാണുള്ളത്. ആദ്യ കളിയിൽ നാളെ ശ്രീലങ്കയും അഫ്ഗാനും ഏറ്റുമുട്ടും. ക്രിക്കറ്റ് ലോകം ആകാംക്ഷയിൽ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഞായറാഴ്ച ദുബൈയിൽ നടക്കും. യോഗ്യതമത്സരങ്ങളിൽ കുവൈത്തിനെയും യു.എ.ഇയെയും സിംഗപ്പൂരിനെയും തോൽപിച്ചാണ് ഹോങ്കോങ് ഗ്രൂപ് എയിലെ മൂന്നാമത്തെ ടീമായത്. ആതിഥേയരായ യു.എ.ഇക്ക് യോഗ്യതയില്ല.
ആഗസ്റ്റ് 30ന് ഷാർജയിൽ ബംഗ്ലാദേശ്-അഫ്ഗാനിസ്താൻ, 31ന് ദുബൈയിൽ ഇന്ത്യ-ഹോങ്കോങ്, സെപ്റ്റംബർ ഒന്നിന് ദുബൈയിൽ ശ്രീലങ്ക-ബംഗ്ലാദേശ്, രണ്ടിന് ഷാർജയിൽ പാകിസ്താൻ-ഹോങ്കോങ് മത്സരങ്ങൾ അരങ്ങേറും. ഓരോ ഗ്രൂപ്പിലെയും രണ്ടു വീതം ടീമുകൾ സൂപ്പർ ഫോറിൽ പ്രവേശിക്കും.
മൂന്നു മുതൽ ഒമ്പതുവരെ നടക്കുന്ന മത്സരങ്ങളിൽ എല്ലാ ടീമും മുഖാമുഖം വരും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന രണ്ടു ടീം 11ലെ ഫൈനലിൽ കിരീടം തേടിയിറങ്ങും. 2018ലാണ് ഒടുവിലായി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. യു.എ.ഇ തന്നെയായിരുന്നു വേദി. ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. 14ൽ ഏഴു കിരീടവും ഇന്ത്യയുടെ ഷെൽഫിലാണ്.
ശ്രീലങ്ക അഞ്ചും പാകിസ്താൻ രണ്ടും തവണ കപ്പടിച്ചു. 2016ലും ട്വന്റി20 ഫോർമാറ്റിലാണ് ഏഷ്യ കപ്പ് നടന്നത്. മറ്റു എഡിഷനുകളിലെല്ലാം ഏകദിന മത്സരങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.