ബംഗളൂരു: ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വിരാട് കോഹ്‍ലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം. എക്സിൽ അറസ്റ്റ് കോഹ്‍ലി ഹാഷ്ടാഗ് ട്രെൻഡിങ്ങായി. വിരാട് കോഹ്‍ലിയുടെ ലണ്ടൻ യാത്രക്കനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എക്സിലെ യൂസർമാർ ആരോപിച്ചു.
വ്യാഴാഴ്ച കോഹ്‍ലിക്ക് ലണ്ടനിലേക്ക് പോകേണ്ടിയിരുന്നു. അതിനാലാണ് എതിർപ്പ് അവഗണിച്ചും ബുധനാഴ്ചതന്നെ വിക്ടറി പരേഡ് നടത്തിയതെന്നാണ് എക്സിലെ കുറിപ്പുകളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. ദുരന്തത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതല്ലാതെ മറ്റൊന്നും കോഹ്‍ലി ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിലും ടീം ആഘോഷങ്ങൾ നിർത്തിവെക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിക്ടറി പരേഡ് ഒഴിവാക്കിയെകിലും താരങ്ങൾ സ്റ്റേഡിയത്തിനകത്ത് ആഘോഷങ്ങൾ നടത്തുകയായിരുന്നു. കാണികൾ വലിയ ആരവത്തോടെയാണ് വിരാട് കോഹ്‍ലിയേയും സംഘത്തേയും വരവേറ്റത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) ടീമിന്റെ ആദ്യ ഐ.പി.എൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആർ.സി.ബിയിലെ ഉന്നത മാർക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. മുംബൈയിലേക്ക് പോകുന്നതിനിടെ രാവിലെ 6.30 ഓടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. അറസ്റ്റിലായ ബാക്കിയുള്ളവർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.