ഒരോവറിൽ ആറും സിക്സ്! തകർപ്പൻ സെഞ്ച്വറി; ചരിത്ര പ്രകടനം നായിഡു ട്രോഫിയില്‍

മുംബൈ: സി.കെ. നായിഡു ട്രോഫിയില്‍ ഒരു ഓവറിലെ ആറു പന്തും സിക്സർ പറത്തി ആന്ധ്രാപ്രദേശ് സൂപ്പര്‍ താരം വംശി കൃഷ്ണ. റെയില്‍വേസിനെതിരായ മത്സരത്തിൽ സ്പിന്നര്‍ ദമന്‍ദീപ് സിങ്ങിന്‍റെ ഓവറിലാണ് വിക്കറ്റ് കീപ്പർ വംശി ആറു പന്തിലും സിക്സ് നേടി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ആന്ധ്രയിലെ കഡപ്പയിൽ നടന്ന മത്സരത്തിൽ 64 പന്തില്‍ 110 റണ്‍സ് നേടിയാണ് 22കാരനായ വംശി പുറത്തായത്. ആകെ നേടിയ 110 റണ്‍സില്‍ 96 റണ്‍സും പിറന്നത് ബൗണ്ടറിയിലാണ്. പത്ത് സിക്‌സും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. വംശി തകർപ്പൻ ബാറ്റിങ് പുറത്തെടുത്തിട്ടും ആന്ധ്ര മത്സരത്തിൽ സമനില വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 378 റണ്‍സെടുത്ത് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ റെയിൽവേസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 865 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ദമന്‍ദീപ് ഓഫ് സ്റ്റംമ്പിന് പുറത്തെറിഞ്ഞ ഓവറിലെ ആദ്യ പന്ത് കോരിയെടുത്ത് അതിര്‍ത്തി കടത്തിയ വംശി അടുത്ത പന്ത് ബൗളറുടെ തലക്ക് മുകളിലുടെ വീണ്ടും സിക്സർ പറത്തി. മൂന്നാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിൽ. ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ നാലാം പന്തും അതിർത്ത് കടത്തി. അഞ്ചാം പന്തിൽ മുട്ടിലൂന്നി സ്‌ക്വയര്‍ ലെഗിലൂടെയാണ് സിക്സ് നേടിയത്. ഓവറിലെ അവസാന പന്തും സിക്സ് നേടി അഭ്യന്തര ക്രിക്കറ്റിലെ അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയത്.

Tags:    
News Summary - Andhra's Vamshhi Krrishna Hits 6 Sixes In An Over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.