സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയാകും! സർഫറാസിന്‍റെ പിതാവിന് താർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര -പോസ്റ്റ് വൈറൽ

മുംബൈ: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിന്‍റെ ഒന്നാംദിനം യുവ ബാറ്റർ സർഫറാസ് ഖാന്‍റെ അരങ്ങേറ്റമാണ് ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവർന്നത്. മുൻ സ്പിൻ ഇതിഹാസം അനില്‍ കുംബ്ലെയില്‍നിന്നാണ് താരം ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്.

ടെസ്റ്റ് ക്യാപുമായി കുടുംബാംഗങ്ങളുടെ അടുത്തേക്ക് ഓടിയെത്തി അവർക്കൊപ്പം സന്തോഷം പങ്കിടുന്ന നിമിഷങ്ങളും കണ്ണീരണിഞ്ഞ പിതാവിനെയും ഭാര്യയെയും ചേർത്തുനിർത്തി താരം ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സർഫറാസ് അര്‍ധ സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. രവീന്ദ്ര ജദേജയുടെ പിഴവിൽ റണ്ണൗട്ടായി നിരാശനായി മൈതാനം വിടുന്ന കാഴ്ച ആരാധകരെയും വേദനിപ്പിക്കുന്നതായിരുന്നു.

സര്‍ഫറാസിനൊപ്പം പിതാവ് നൗഷാദ് ഖാനും വാർത്തകളിൽ നിറഞ്ഞു. പിതാവാണ് സർഫറാസിലെ ക്രിക്കറ്ററെ പ്രചോദിപ്പിച്ചും പരിശീലിപ്പിച്ചും വളർത്തിക്കൊണ്ടുവന്നത്. ഇന്ത്യക്കായി കളിക്കുക എന്ന തന്‍റെ സ്വപ്നം മകനിലൂടെ പൂവണിയുന്നത് ഗാലറിയിലിരുന്ന് നേരിട്ടുകാണുമ്പോൾ ആ പിതാവിന്‍റെ കണ്ണുകൾ പലപ്പോഴും നിറയുന്നുണ്ടായിരന്നു. മകൻ നിർഭാഗ്യംകൊണ്ട് റണ്ണൗട്ടായി മടങ്ങുമ്പോൾ ഗാലറിയിൽ തലക്ക് കൈകൊടുത്ത് ഇരിക്കുന്ന പിതാവിനെയും ആർക്കും മറക്കാനാകില്ല.

ഈ ക്രിക്കറ്റ് കുടുംബത്തിന്‍റെ സന്തോഷത്തിനൊപ്പം പങ്കുചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും. സ്വീകരിക്കുമെങ്കിൽ സർഫറാസിന്‍റെ പിതാവിന് ഒരു താർ സമ്മാനിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതോടൊപ്പം ബി.സി.സി.ഐ പങ്കുവെച്ച സർഫറാസിന്‍റെ വിഡിയോയും അദ്ദേഹം റീപോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മനോബലം കൈവിടരുത്! കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടത്‍? പ്രചോദിപ്പിക്കുന്ന പിതാവിന് താര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. നൗഷാദ് ഖാന്‍ അത് സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയായിരിക്കും’ - ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.

നിമിഷങ്ങൾക്കകമാണ് ഈ പോസ്റ്റ് വൈറലായത്. ഏകദിന ശൈലിയിൽ അനായാസം ഇംഗ്ലീഷ് ബൗളർമാരെ നേരിട്ട താരം 48 പന്തിലാണ് അർധ സെഞ്ച്വറിയിലെത്തിയത്. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടത്തിൽ സർഫറാസിന് ഹാർദിക് പാണ്ഡ്യക്കൊപ്പമെത്താനായി.

Tags:    
News Summary - Anand Mahindra wants to gift Thar to Sarfaraz Khan's father Naushad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.