‘ടീം ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്...’; കോഹ്ലിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ ഹൃദയസ്പർശിയായ കുറിപ്പുമായി മുൻതാരം

മുംബൈ: സൂപ്പർതാരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹൃദയസ്പർശിയായ കുറിപ്പുമായി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ താരം പുനരാലോചന നടത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താരം ആവശ്യപ്പെട്ടു.

രോഹിത് ശര്‍മക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോഹ്ലിയും വിരമിക്കാനൊരുങ്ങുന്നതായാണ് വിവരം. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് വിരമിക്കാനാണ് നീക്കമെന്നും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. കോഹ്ലിയോടുള്ള ആരാധന തുറന്നുപറഞ്ഞും താരത്തെ പിന്തുണച്ചുമാണ് റായിഡു പോസ്റ്റ് പങ്കുവെച്ചത്. ‘വിരാട് കോഹ്ലി, ദയവായി വിരമിക്കരുത്.. എന്നത്തേക്കാളും ടീം ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളുടെ ആവനാഴിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ഇന്ത്യൻ ടീമിൽനിന്ന് നിങ്ങൾ പുറത്തുപോയാൽ, ടെസ്റ്റ് ക്രിക്കറ്റ് പഴയതുപോലെയാകില്ല. ദയവായി പുനഃപരിശോധിക്കുക’ -റായിഡു എക്സിൽ കുറിച്ചു.

കോഹ്ലി ടെസ്റ്റ് ഫോര്‍മാറ്റില്‍നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കില്ലെന്നും പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കോഹ്ലി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഉടൻ ചേരും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക.

മോശം ഫോമിൽ കരിയർ ബ്രേക്ക്

2024 നവംബറിലെ പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ 2023 ജൂലൈക്കുശേഷം ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയായിരുന്നു താരത്തിന്. 2019ൽ 55.10 ശരാശരിയുമായി ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 254 അടിച്ചെടുത്ത താരം പക്ഷേ, അവസാന 24 മാസത്തിനിടെ ശരാശരി 32.56 ആയി ചുരുങ്ങി.

കഴിഞ്ഞ അഞ്ച് വർഷത്തിൽ 37 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറി ഉൾപ്പെടെ 1990 റൺസാണ് നേടിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ താരത്തിന്‍റെ ശരാശരി 23.75 ആണ്. ഏഴുതവണ ഓഫ് സ്റ്റമ്പിന് പുറത്തെ പന്തിൽ ബാറ്റുവെച്ച് പുറത്തായി. ഐ.പി.എല്ലിന് മുന്നോടിയായി, ഈ മോശം പ്രകടനത്തിൽ താരം നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Ambati Rayudu Pens Heartfelt Plea To Virat Kohli Amid Retirement Speculations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.