ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ വിക്കറ്റെടുത്തതിനു പിന്നാലെ ഇന്ത്യൻ പേസർ ആകാശ് ദീപ് നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ 224 റൺസിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. ഇംഗ്ലീഷുകാർക്ക് ഡക്കറ്റും സാക് ക്രോളിയും മികച്ച തുടക്കമാണ് നൽകിയത്.
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും 12.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്. റൺ റേറ്റ് 7.16. മുഹമ്മദ് സിറാജ് താളം കണ്ടെത്താനാകാതെ വലഞ്ഞപ്പോൾ, തുടക്കത്തിൽ ആകാശാണ് ഇംഗ്ലീഷ് ഓപ്പണർമാർക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. പിന്നാലെ അകാശും ഡക്കറ്റിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. സ്വീപ് ഷോട്ടുകളിലൂടെയും റിവേഴ്സ് സ്കൂപ്പിലൂടെയും ആകാശിന്‍റെ പന്ത് ഡക്കറ്റ് ഗാലറിയിലെത്തിച്ചു. ഒടുവിൽ ആകാശിനു മുന്നിൽ ഡക്കറ്റ് വീണു.
താരം എറിഞ്ഞ 13ാം ഓവറിലെ അഞ്ചാമത്തെ പന്തിൽ ഒരു റിവേഴ്സ് സ്കൂപ്പിന്‍റെ ശ്രമിച്ച ഡക്കറ്റിന്‍റെ ബാറ്റിന്‍റെ എഡ്ജിൽ തട്ടി വന്ന പന്ത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ കൈയിലൊതുക്കി. പിന്നാലെ ഡക്കറ്റിന്‍റെ അടുത്തേക്ക് വന്ന ആകാശ് താരത്തിന്‍റെ തോളിൽ കൈയിട്ട് നടന്നുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഈ സമയം ഇംഗ്ലീഷ് താരം കാര്യമായൊന്നും പ്രതികരിക്കുന്നില്ല. ഉടൻ തന്നെ കെ.എൽ. രാഹുൽ ആകാശിന്‍റെ അടുത്തേക്ക് വന്ന് താരത്തെ പിന്തിരിപ്പിക്കുന്നത് വിഡിയോയിൽ കാണാനാകും.
ആകാശിന്‍റെ നടപടിയെ കമന്‍റേറ്റർമാരായ ദിനേഷ് കാർത്തികും മൈക്കൽ ആതർട്ടണും രൂക്ഷമായി വിമർശിക്കുന്നുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ആകാശിനെ പിന്തുണച്ചും വിമർശിച്ചും ആരാധകർ രണ്ടു പക്ഷത്താണ്. കൃത്യസമയത്ത് ഇടപെട്ട് രംഗം ശാന്തമാക്കിയ രാഹുലിനെ പ്രശംസിച്ചും പോസ്റ്റുകൾ നിറയുന്നുണ്ട്.
നിലവിൽ ഇംഗ്ലണ്ട് 26 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ സാക് ക്രോളി (57 പന്തിൽ 64 റൺസ്), നായകൻ ഒലീ പോപ്പ് (44 പന്തിൽ 22) എന്നിവരുടെ വിക്കറ്റുകളും ആതിഥേയർക്ക് നഷ്ടമായി. 16 പന്തിൽ ഒമ്പത് റൺസുമായി ജോ റൂട്ടും മൂന്നു പന്തിൽ നാലു റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ. ആകാശിനെ കൂടാതെ, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും വിക്കറ്റ് നേടി.
രണ്ടാം ദിനം ആറിന് 204 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർബോർഡിൽ 20 റൺസ് മാത്രമേ കൂട്ടിചേർക്കാനായുള്ളൂ. കരുൺ നായർ (57) അർധ സെഞ്ച്വറി തികച്ചതൊഴിച്ചാൽ ഇന്ത്യയുടെ ബാറ്റിങ് ഓവലിൽ തകർന്നടിഞ്ഞു.
മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ പൂജ്യത്തിന് പുറത്തായി. ആദ്യ ദിനത്തിൽ യശസ്വി ജയ്സ്വാൾ (രണ്ട്), കെ.എൽ രാഹുൽ (14), സായ് സുദർശൻ (38), ശുഭ്മൻ ഗിൽ (21), രവീന്ദ്ര ജദേജ (9), ദ്രുവ് ജുറൽ (19), വാഷിങ്ടൺ സുന്ദർ (26) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ചുവിക്കറ്റുമായി ഗസ്റ്റ് അറ്റ്കിൻസണും മൂന്ന് വിക്കറ്റുമായി ജോഷ് ടോങ്ങുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.