ഐ.പി.എൽ 2025 അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും മോശം സീസണുമായാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് നിലകൊള്ളുന്നത്. അവസാന ഒരു മത്സരം മാത്രം ബാക്കിയിരിക്കെ 10 തോൽവിയും മൂന്ന് ജയവുമായി പത്താം സ്ഥാനത്താണ് സി.എസ്.കെ. ഇതിന് മുമ്പ് 2022 സീസണിലും സൂപ്പർ കിങ്സ് പത്ത് മത്സരത്തിൽ തോറ്റിരുന്നു. ഈ സീസണിൽ അമ്പേ പരാജയമായി മാറിയെങ്കിലും അടുത്ത സീസണിലേക്കുള്ള സ്ക്വാഡിനെ സെറ്റ് ചെയ്ത് തുടങ്ങിയെന്ന് ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായകൻ മഹേന്ദ്ര സിങ് ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും അറിയിച്ചിരുന്നു.
പുതിയ സീസണിലേക്ക് പോകുന്നതിന് മുമ്പ് സി.എസ്.കെക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിൽ നിന്നും പുറത്താക്കണമെന്നാണ് ചോപ്രയുടെ ഉപദേശം. ജഡേജയം നാലാം നമ്പറിൽ കളിപ്പിക്കുന്നത് യുക്തിയല്ലെന്നും അവിടെ ഡെവാൾഡ് ബ്രെവിസാണ് കളിക്കേണ്ടതെന്നും ചോപ്ര പറഞ്ഞു.
ന്യൂസിലാൻഡ് താരങ്ങളായ ഡെവൺ കോൺവെ രച്ചിൻ രവീന്ദ്ര എന്നിവരെയും ടീമിന് ആവശ്യമില്ലെന്ന് ചോപ്ര കൂട്ടിച്ചേർക്കുന്നു. അവർക്ക് പകരം രണ്ട് വെടിക്കെട്ട് ബാറ്റർമാരെ ടീമിലെത്തിക്കാനാണ് ചോപ്രയുടെ ഉപദേശം.
"ഞാൻ പറയും, ജഡേജയെ മാറ്റാൻ. നാലം നമ്പറിൽ കളിക്കാനായി ഡെവാൾഡ് ബ്രെവിസ് ഉണ്ട്. അവിടെ അദ്ദേഹത്തെ ബാറ്റ് ചെയ്യിപ്പിക്കുക. ഡെവൺ കോൺവേയും ആയുഷ് മാത്രെയും ഓപ്പണിങ്ങിലും മൂന്നാമനായി ഉർവിൽ പട്ടേലും ഉള്ള ഒരു സ്റ്റോപ്പ്-ഗ്യാപ്പ് ക്രമീകരണമാണ് സി.എസ്.കെയിൽ. അടുത്ത സീസണിന് മുമ്പ് ഒരു മിനി ലേലം ഉണ്ട്, നിങ്ങൾ രച്ചിൻ രവീന്ദ്രയെയും ഡെവൺ കോൺവേയെയും വിട്ടുകളഞ്ഞ്, ടോപ് ഓർഡറിൽ കളിക്കാൻ ഒരു വെടിക്കെട്ട് ബാറ്ററെ കണ്ടെത്താൻ ശ്രമിക്കാം.
എന്തിനാണ് ഋതുരാജ് ഗെയ്ക്വാദിനൊപ്പം വെടിക്കെട്ട് നടത്താൻ സാധിക്കാത്ത ഒരു ബാറ്റർ. ഉർവിൽ പട്ടേൽ 3 സ്ഥാനത്ത് നിൽക്കട്ടെ, പകരം ഒരു ബാറ്റർ കൂടി വേണം. നൂർ അഹമ്മദ്, മതീഷ പതിരാണ എന്നിവർക്ക് പുറമെ ഡെവാൾഡ് ബ്രെവിസിനൊപ്പം ടോപ്പ് ഓർഡറിലോ ഫിനിഷിങ്ങിലോ ഒരു വിദേശ ബാറ്ററെ കണ്ടെത്തുക. മൂന്നാമനായി സാം കറനും നാലാമനായി ജഡേജയും വരുന്നത് അർത്ഥശൂന്യമാണ്,' ആകാശ് ചോപ്ര പറഞ്ഞു.
ഈ സീസണിൽ 13 മത്സരത്തിൽ നിന്നുമായി രണ്ട് അർധസെഞ്ച്വറി ഉൾപ്പടെ 280 റൺസ് മാത്രമാണ് ജഡേജ നേടിയത്. 38.38 ശരാശരിയിൽ എട്ട് വിക്കറ്റുകൾ മാത്രമെ അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.