ഇംഗ്ലണ്ട് പരമ്പരക്കുള്ള ട്വന്‍റി-20 ടീമിൽ ഓൾറൗണ്ടർ ശിവം ദുബെക്ക് ഇടം നേടാൻ സാധിച്ചില്ല. കഴിഞ്ഞ വർഷം ഇന്ത്യ ട്വന്‍റി-20 ലോകകപ്പ് നേടിയപ്പോൾ ടീമിനെ ഭാഗമായിരുന്നു ശിവം ദുബെ. ഇന്ത്യൻ ടീം അദ്ദേഹത്തിൽ നിന്നും മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഹർദിക്ക് പാണ്ട്യയോടൊപ്പം നിതീഷ് കുമാർ റെഡ്ഡിയെയാണ് ഇന്ത്യ പേസ ബൗളിങ് ഓൾറൗണ്ടറായി ഉൾപ്പെടുത്തുന്നത്. ദുബെയെ ടീമിൽ പരിഗണിക്കാത്തതിൽ ബി.സി.സി.ഐയോട് ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
'ശിവം ദുബെക്ക് എന്താണ് പറ്റിയത്. ഋതുരാജ് ഗയ്‍ക്വാദ്, രജത് പാടിദാർ എന്നിവരെ കുറിച്ച് നമ്മുക്ക് സംസാരിക്കേണ്ടതുണ്ട് എന്നാൽ ഒരുപാട് ബാറ്റർമാരുള്ളോണ്ട് പോട്ടേന്ന് വെക്കാം. നമുക്ക് ശിവം ദുബെയുടെ കാര്യമെടുക്കാം, അവൻ ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു. നിങ്ങൾ വിജയിച്ചാൽ തീർച്ചയായും എല്ലാവർക്കും അതിന്‍റെ ക്രെഡിറ്റ് ലഭിക്കും. അവൻ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.
അവന്‍റെ ബാറ്റിങ്, ഫീൽഡിങ് എന്നിവക്കെതിരെ ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ അവൻ നന്നായി കളിക്കുകയും ട്വന്‍റി-20 ലോക ചാമ്പ്യൻ ആകുകയും ചെയ്തു. അതിന് ശേഷം അവന് ചെറിയ പരിക്കേറ്റു, ഒരുപാട് അവസരങ്ങൾ ലഭിച്ചതുമില്ല. ഇപ്പോൾ ടീമിന് പുറത്തും. അവനെ കുറിച്ച് ആരും പറയുന്നുമില്ല. പരാഗിനെ കുറിച്ചും ആരും സംസാരിക്കുന്നില്ല എന്നാൽ അവൻ പരിക്കേറ്റിരിക്കുകയാണെന്ന് വെക്കാം എന്നാൽ ദുബെ എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. അവൻ പെട്ടെന്ന് ചക്രവാളത്തിൽ നിന്ന് വരെ അപ്രത്യക്ഷനായി,' ചോപ്ര പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ 16 പന്തിൽ 27 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം സിംബാബ്വെ, ശ്രീലങ്ക എന്നിവർക്കെതിരെ ദുബെ കളത്തിലിറങ്ങിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനം താരത്തിന് നഷ്ടമായി. ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധിക്കുന്ന താരമാണെങ്കിൽ അതിന് ശേഷം ഒന്നോ രണ്ടോ വർഷം ടീമിൽ കളിക്കാൻ അവർ യോഗ്യനാണെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്. പരിക്ക് കാരണം ആരെങ്കിലും പുറത്ത് പോയി തിരിച്ചുവന്നാൽ തീർച്ചയായും അവർക്കാണ് പ്രഥമ പരിഗണനയെന്നും അവർക്ക് പകരമെത്തിയ ആൾ എത്ര നന്നായി കളിച്ചാലും ടീമിൽ മറ്റെയാൾ വന്നാൽ മാറികൊടുക്കണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.