ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്കോഡിൽ പേസ് ബൗളർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്താമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ആൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് പകരമെങ്കിലും സിറാജിനെ എത്തിക്കാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. 15 അംഗ സ്കോഡിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്ങ് എന്നിവരാണ് പ്രധാന പേസ് ബൗളർമാരായി ഇടം നേടിയത്.
'എന്‍റെ അഭിപ്രായത്തിൽ മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിന്‍റെ ഭാഗമാകണമായിരുന്നു. ആർക്ക് പകരമാകണമെന്ന് വരെ ഞാൻ പറഞ്ഞ് തരാം. ടീമിൽ രണ്ട് ഇടം കയ്യൻ സ്പിന്നർമാരും ഒരു ഓഫ് സ്പിന്നറുമുണ്ട്, വേണമെങ്കിൽ ഇതിൽ നിന്നും ഒരാളെ ഒഴിവാക്കാമായിരുന്നു. നിങ്ങൾ വിചാരിചിച്ചിരുന്നുവെങ്കിൽ രവീന്ദ്ര ജഡേജയെ ഒഴിവാക്കി പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കാമായിരുന്നു,' ചോപ്ര പറഞ്ഞു.
ആദ്യ ഇലവനിൽ കളിക്കാൻ ജഡജയേക്കാൾ മൂല്യം സിറാജിനുണ്ടെന്നും ജഡേജ ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. 'ടീമിനുള്ളിൽ ജഡേജയേക്കാൾ മൂല്യം കൊണ്ടുവരാൻ സിറാജിന് സാധിക്കുമായിരുന്നു. അവനെ കുറച്ചുകൂടി ഭേദമായി ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. ജഡേജ ടീമിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.
സത്യസന്ധമായി പറഞ്ഞാൽ ജഡേജ കളിക്കാനുള്ള ഒരു സാധ്യതയുമില്ല, ഇക്കാരണം കൊണ്ട് തന്നെ ടീമിൽ കളിക്കാൻ സാധ്യതയുള്ള സിറാജിനെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു,
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം; രോഹിത് ശർമ (നായകൻ), ശുഭ്‌മൻ ഗിൽ, യശ്വസ്വി ജയ് സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.