ന്യൂഡൽഹി: ജനുവരിയിൽ ആസ്ട്രേലിയയിൽ അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിലാണ് കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെന്റിൽ ഇരുവരുടേതും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും മുൻ താരങ്ങളടക്കം അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി റണ്ണൊഴുക്കുന്നത് തുടരുകയാണ് കോഹ്ലി. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും വെറ്ററൻ താരത്തിന്റെ പരിചയ മികവ് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.സി.സി.ഐ. പുതിയ കരാറിലും ഏറ്റവും മികച്ചവർക്കുള്ള എ പ്ലസ് വിഭാഗത്തിലാണ് കോഹ്ലിയെ ബി.സി.സി.ഐ ഉൾപ്പെടുത്തിയത്. എന്നാൽ, അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ വൈറ്റ്സിൽ ഇനിയില്ലെന്ന് വ്യക്തമാക്കി താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 മതിയാക്കി.
ആദ്യം സ്പിൻ ഓൾ റൗണ്ടർ ആർ. അശ്വിനും പിറകെ രോഹിതും ഒടുവിൽ കോഹ്ലിയും പിന്മാറുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ താരമുദ്രകളായ വെറ്ററൻ നിരയിൽ ഇനി അവശേഷിക്കുന്നത് അപൂർവം ചിലർ മാത്രമാണ്. ബാറ്റർമാരായ ചേതേശ്വർ പുജാര, അജിൻക്യ രഹാനെ എന്നിവർ ടീമിലില്ലാതിരിക്കുകയും പേസർ മുഹമ്മദ് ഷമി പരിക്കുമാറി ഫോമിലെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ബാക്കിയുള്ളത്. മുൻനിരയിൽനിന്ന് രോ-കോ ടീം പടിയിറങ്ങുന്നതോടെ വരുന്ന വിടവുകൾ ആര് നികത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.