കാബൂള്‍: അച്ഛനും മകനും ഒരുമിച്ച് കളിക്കാനിറങ്ങുന്നത് ക്രിക്കറ്റ് ലോകത്ത് അപൂർവ കാഴ്ചയാണ്. എന്നാൽ, അഫ്ഗാനിസ്ഥാനിലെ ട്വന്‍റി20 ക്രിക്കറ്റ് ലീഗായ ഷപഗീസ (എസ്.സി.എല്‍) ചൊവ്വാഴ്ച അച്ഛൻ-മകൻ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.
അമോ റീജിയനും മിസ് ഐനക് റീജിയനും തമ്മില്‍ നടന്ന മത്സരത്തിലാണ് അഫ്ഗാൻ ദേശീയ ടീം അംഗവും ഓൾ റൗണ്ടറുമായി മുഹമ്മദ് നബിയും മകൻ ഹസ്സൻ ഇസാഖിലും കളിക്കാനിറങ്ങിയത്. ഒരു ടീമിലല്ല, എതിരാളികളായി!
അമോ റീജിയന്‍റെ താരമാണ് 18കാരനായ ഇസാഖിൽ. മത്സരത്തിൽ അമോ ഇന്നിങ്സിന്‍റെ ഒമ്പതാം ഓവറിലാണ് നബി പന്തെറിയാനെത്തിയത്. ക്രീസിൽ ഇസാഖിലും. പിതാവ് എറിഞ്ഞ ആദ്യ പന്തുതന്നെ മിഡ് വിക്കറ്റിലൂടെ കൂറ്റൻ സിക്സർ പറത്തി താരം. പിന്നാലെ പിതാവിനെ നോക്കി യുവതാരം എന്തോ പറയുന്നുണ്ട്.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓപ്പണറായി ഇറങ്ങിയ താരം 36 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 52 റൺസെടുത്തു. ആദ്യം ബാറ്റു ചെയ്ത അമോ 19.4 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി.
മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ നബിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല, 12 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിൽ 17 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മിസ് ഐനക് ലക്ഷ്യത്തിലെത്തി.
ഖാലിദ് തനിവാൽ അർധ സെഞ്ച്വറി നേടി. 27 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്തു. ബാറ്റിങ്ങിനിറങ്ങിയ നബി മൂന്നു പന്തിൽ ഒരു സിക്സ് നേടി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വാര്‍ഷിക ട്വന്‍റി20 ടൂര്‍ണമെന്റാണ് എസ്.സി.എല്‍. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
അഫ്ഗാന്‍ സീനിയര്‍ കളിക്കാര്‍, അണ്ടര്‍ -19 താരങ്ങള്‍, എ ടീമിലെ അംഗങ്ങള്‍, വിദേശ താരങ്ങള്‍ എന്നിവരെല്ലാം ലീഗിൽ വ്യത്യസ്ത ടീമുകൾക്കായി കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.