6, 6, 6, 1, 6, 6! ആദിൽ റഷീദിനെ പഞ്ഞിക്കിട്ട് വിൻഡീസ് ബാറ്റർമാർ; എന്നിട്ടും കളി തോറ്റു -VIDEO

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടന്ന രണ്ടാം ട്വന്‍റി20യിൽ സ്പിന്നർ ആദിൽ റഷീദിന്‍റെ ഒരോവറിൽ അഞ്ച് സിക്സറടിച്ച് വെസ്റ്റിൻഡീസ് ബാറ്റർമാർ. വിൻഡീസ് 18 ഓവറിൽ അഞ്ചിന് 148 എന്ന നിലയിൽ നിൽക്കെയാണ് ഇംഗ്ലിഷ് ക്യാപ്റ്റൻ ഹാരിബ്രൂക് ആദിൽ റഷീദിനെ പന്തേൽപ്പിച്ചത്. തന്‍റെ ആദ്യ മൂന്നോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു റഷീദ്. 19-ാം ഓവർ നേരിടാനായി ക്രീസിൽ വമ്പനടിക്കാരായ ജേസൺ ഹോൾഡറും റൊമാരിയോ ഷെപേർഡുമാണുണ്ടായിരുന്നത്.

സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന ഹോൾഡർ, ആദ്യ മൂന്ന് പന്തുകളും ഗാലറിയിലെത്തിച്ചു. പിന്നാലെ ഒരു സിംഗ്ളും നേടി. പന്തിൽ വേരിയേഷൻ വരുത്തി നോക്കിയെങ്കിലും റാഷിദിന് അടി ഇരന്നുവാങ്ങാനായിരുന്നു യോഗം. അവസാന രണ്ട് പന്തുകൾ നേരിട്ട ഷെപേർഡും പന്ത് ഉയർത്തിയടിച്ച് അതിർത്തി കടത്തിയതോടെ ഓവറിലെ സിക്സറുകളുടെ എണ്ണം അഞ്ചായി. ഒറ്റ ഓവറിൽ 31 റൺസാണ് ഇരുവരും ചേർന്ന് ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്.

ഇതോടെ ട്വന്‍റി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറെന്ന മോശം റെക്കോഡും റഷീദിന്‍റെ പേരിലായി. 2007 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിങ്ങിനോട് ഒരോവറിലെ എല്ലാ പന്തുകളിലും സിക്സർ വഴങ്ങിയ സ്റ്റുവർട്ട് ബ്രോഡാണ് ഈ ‘റെക്കോഡി’ൽ ഒന്നാമതുള്ളത്. മത്സരത്തിൽ, അവസാന ഓവറിൽ ഒരു വിക്കറ്റ് വീണെങ്കിലും 16 റൺസ് കൂടി ചേർത്ത് ആറിന് 196 എന്ന നിലയിലാണ് വിൻഡീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

49 റൺസ് നേടിയ ക്യാപ്റ്റൻ ഷായ് ഹോപാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ജോൺസൻ ചാൾസ് (47), റോവ്മാൻ പവൽ (34) റൊമാരിയോ ഷെപേർഡ് (19), ജേസൺ ഹോൾഡർ (29) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ ഇംഗ്ലണ്ട് കളി തീർത്തു. 47 റൺസ് നേടിയ ജോസ് ബട്ട്ലറാണ് അവരുടെ ടോപ് സ്കോറർ. ബെൻ ഡക്കറ്റ് (30), ഹാരി ബ്രൂക്ക് (34), ജേക്കബ് ബെതേൽ (26), ടോം ബെൻടൻ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സര പരമ്പര രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ചൊവ്വാഴ്ചയാണ് അവസാന മത്സരം.

Tags:    
News Summary - Adil Rashid bowls most expensive over for England in T20Is since Stuart Broad, tonked for 5 sixes by Jason Holder and Romario Shepherd; watch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.