അഭിഷേക് ശർമ
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിന് ഹൈദരാബാദ് ഉപനായകൻ അഭിഷേക് ശർമക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷ വിധിച്ചു. ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി.
മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ബ്ലെസിങ് മുസറബാനി എറിഞ്ഞ പന്തിൽ വരുൺ ചക്രവർത്തി ഡൈവ് ചെയ്ത് അഭിഷേകിനെ ക്യാച്ചെടുക്കുകയായിരുന്നു. എന്നാൽ, പന്ത് നിലത്ത് തട്ടിയോ എന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ലായിരുന്നു. ടി.വി അമ്പയർ നിതിൻ മേനോൻ ഇത് ഔട്ട് എന്ന് വിധിച്ചതോടെ അഭിഷേക് ശർമ പിച്ചിൽ വെച്ച് തന്നെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ക്രീസ് വിട്ടുപോകുമ്പോൾ അമ്പയറുടെ തീരുമാനത്തോട് താരം കാണിച്ച വിയോജിപ്പാണ് ശിക്ഷയിലേക്ക് നയിച്ചത്.
ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരം ലെവൽ 1 കുറ്റമാണ് അഭിഷേക് ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി. താരം കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു. പിഴക്ക് പുറമെ അഭിഷേകിന്റെ പേരിൽ ഒരു ഡെമെറിറ്റ് പോയന്റും ചേർത്തിട്ടുണ്ട്. ലെവൽ 1 ലംഘനങ്ങളിൽ മാച്ച് റഫറിയുടെ തീരുമാനമാണ് അന്തിമം.
ശിക്ഷ നേരിടേണ്ടി വന്നെങ്കിലും മത്സരത്തിൽ ഹൈദരാബാദിന്റെ വിജയത്തിൽ അഭിഷേക് നിർണായക പങ്കുവഹിച്ചു. വെറും 21 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറുകളുമടക്കം 48 റൺസാണ് താരം അടിച്ചുനേടിയത്. പവർപ്ലേയിൽ ഹൈദരാബാദിന് മികച്ച തുടക്കം നൽകിയതും അഭിഷേകായിരുന്നു. മത്സരത്തിൽ കൊൽക്കത്തയെ 65 റൺസിന് തകർത്ത് ഐ.പി.എൽ 2026ലെ തങ്ങളുടെ ആദ്യ ജയവും ഹൈദരാബാദ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.