‘ആകാശത്തൊരു വിസ്മയ കൂടിക്കാഴ്ച’; ദ്യോകോവിചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എം.കെ സ്റ്റാലിൻ

സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിചിനെ വിമാനത്തിൽ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്​പെയിനിലേക്കുള്ള യാത്രക്കിടെയായിരുന്നു കണ്ടുമുട്ടൽ. ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രമാണ് സ്റ്റാലിൻ ‘എക്സിൽ’ പങ്കുവെച്ചത്.

ചിത്രത്തിനടിയിൽ രസകരമായ കമന്റുകളുമായി ആരാധകർ ഇടം പിടിച്ചിട്ടുണ്ട്. ‘ഞാൻ സ്റ്റാലിൻ’ എന്നായിരിക്കും അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ടാവുകയെന്നാണ് ഒരാൾ കുറിച്ചത്. സ്റ്റാലിൻ ഒരു പ്രദർശന ക്രിക്കറ്റ് മത്സരത്തിൽ പന്തെറിയുന്ന ചിത്രവും മറ്റൊരു മത്സരത്തിൽ ബാറ്റ് ചെയ്യുന്ന വിഡിയോയുമെല്ലാം പങ്കുവെച്ച് ‘ക്രിക്കറ്റ് താരം ടെന്നിസ് താരത്തെ കണ്ടു​മുട്ടിയപ്പോൾ’ എന്നും കമന്റുകളുണ്ട്.

ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കിടയിലെ കായിക പ്രേമിയാണ് എം.കെ സ്റ്റാലിൻ. ഐ.പി.എൽ മത്സരങ്ങൾ കാണാനെത്തിയും ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിച്ചും കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകിയുമെല്ലാം അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ എം.എസ് ധോണിയുടെ ആരാധകനായ സ്റ്റാലിൻ ‘തമിഴ്നാടിന്റെ ദത്തുപുത്രൻ’ എന്നാണ് ധോണിയെ വിശേഷിപ്പിച്ചത്. എട്ട് ദിവസത്തെ സ്​പെയിൻ സന്ദർശനത്തിന് ശനിയാഴ്ചയാണ് സ്റ്റാലിൻ പുറപ്പെട്ടത്. തമിഴ്നാട്ടിലേക്ക് സംരംഭകരെ എത്തിക്കുകയാണ് സന്ദർശന ലക്ഷ്യം.

25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ട് ആസ്ട്രേലിയൻ ഓപണിനെത്തിയ നൊവാക് ദ്യോകോവിചിന് ടൂർണമെന്റിലെ ജേതാവായ ജാനിക് സിന്നർ ആണ് സെമിയിൽ മടക്ക ടിക്കറ്റ് നൽകിയത്. 6-1, 6-2, 6-6 (8-6), 6-3 എന്ന സ്കോറിനായിരുന്നു സിന്നറുടെ വിജയം. ഇതോടെ ആസ്ട്രേലിയൻ ഓപണിലെ തുടർച്ചയായ 33 മത്സരങ്ങളിലെ വിജയക്കുതിപ്പിനും വിരാമമായി. 24 ഗ്രാന്റ്സ്ലാം കിരീടം നേടിയ ദ്യോകോവിചിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.